നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരൻ്റെ കൊലപാതകത്തിന് പിന്നിൽ കുട്ടിയോടുള്ള ഇഷ്ടക്കേട്; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിന് പിന്നിൽ കുട്ടിയോടുള്ള ഇഷ്ടക്കേടെന്ന് പിതാവ് ഷിജിൻ. കവളാകുളം സ്വദേശി ഷിജിനെ ഇന്നലെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം ഉണ്ടായിരുന്ന ഷിജിൻ ഇതേ ചൊല്ലി ഭാര്യയുമായി സ്ഥിരം വഴക്കിട്ടിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടർന്ന് കുഞ്ഞിനെ മർദ്ദിക്കുകയും കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റിൽ മർദ്ദിക്കുകയും ചെയ്തെന്ന് ഷിജിൻ സമ്മതിച്ചതായി അന്വേഷണ സംഘം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസുകാരൻ ഇഹാൻ കുഴഞ്ഞു വീണത്. വായിൽ നിന്ന് നുരയും പതയും വരികയും ചുണ്ടിന് നിറവ്യത്യാസം ഉണ്ടായതും സംശയത്തിന് ഇടയാക്കിയിരുന്നു. ഷിജിൻ കൊണ്ടുവന്ന ബിസ്കറ്റ് കഴിച്ചതിന് ശേഷമാണ് കുഞ്ഞ് കുഴഞ്ഞുവീണത് എന്നായിരുന്നു അമ്മ കൃഷ്ണപ്രിയയുടെ മൊഴി. ശനിയാഴ്ചയാണ് ഇഹാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുഞ്ഞിന്റെ മരണത്തിൽ തുടക്കം മുതലേ ദുരൂഹത ഉണ്ടായിരുന്നതിനാൽ മാതാപിതാക്കളെ പൊലീസ് മാറി മാറി ചോദ്യം ചെയ്തിരുന്നു.

അടിവയറ്റിലുണ്ടായ ക്ഷതത്തിൽ നിന്നുണ്ടായ രക്തസ്രാവം മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഷിജിൻ കുറ്റസമ്മതം നടത്തിയത്. കുഞ്ഞിനെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് അടിവയറ്റിൽ മർദിക്കുകയായിരുന്നു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …