കഞ്ചിക്കോട് ദേശീയപാതയില്‍ വാഹനാപകടം; ഒരു മരണം

പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബുധനാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ കാല്‍നട യാത്രക്കാരനാണ് ജീവന്‍ നഷ്ടമായത്. പുതുശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ദേശീയപാത കുറുകെ കടക്കുന്നതിനിടെ സിഗ്നല്‍ തെറ്റിച്ച് അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിച്ചാണ് കാല്‍നട യാത്രക്കാരന്‍ മരിച്ചത്. മായപ്പള്ളം സ്വദേശിയും പരേതനായ രാമന്‍കുട്ടിയുടെയും തങ്കമണിയുടേയും മകനുമായ രമേശ് (36) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. പെയിന്റിങ് തൊഴിലാളിയായ രമേശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും. സന്തോഷ്, രാധിക എന്നിവര്‍ സഹോദരങ്ങളാണ്. അപകട ശേഷം നിര്‍ത്താതെ പോയ പിക്കപ്പ് വാഹനത്തെ വാളയാര്‍ പോലീസ് പിന്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയിട്ടുണ്ട്. വാഹനവും പ്രതികളും പോലീസ് കസ്റ്റഡിയിലാണ്.

അതേസമയം രമേശിന്റെ ജീവന്‍ നഷ്ടപ്പെട്ട അതേസ്ഥലത്ത് വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സിഗ്നലില്‍ നിര്‍ത്തിയിട്ട ലോറിയില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പിക്കപ്പ് ഓടിച്ചിരുന്ന കോയമ്പത്തൂര്‍ കൗണ്ടര്‍പാളയം സ്വദേശി ശെല്‍വരാജിന്റെ (58) കാലിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

രണ്ട് അപകടങ്ങളും നടന്ന സ്ഥലം ഗതാഗത വകുപ്പ് ബ്ലാക്ക് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥലമാണ്. ഈ മാസം മാത്രം പ്രദേശത്ത് 20 ലേറെ അപകടങ്ങളുണ്ടാവുകയും 3 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …