യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ‘ഓപ്പറേഷന്‍ രക്ഷിത’യുമായി റെയില്‍വേ: പരിശോധന ശക്തമാക്കി

പാലക്കാട്: ട്രെയിന്‍ യാത്രക്കാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷിതത്വമുറപ്പിക്കാന്‍ കര്‍ശന നടപടികളുമായി റെയില്‍വേ. ഇതിന്റെ ഭാഗമായി റെയില്‍വേ പൊലീസും ലോക്കല്‍ പൊലീസും ചേര്‍ന്ന് ‘ഓപ്പറേഷന്‍ രക്ഷിത’ എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലഹരി ഉപയോഗം, സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റെയില്‍വേ എസ്.പി.യുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.

തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് ‘ഓപ്പറേഷന്‍ രക്ഷിത’ നടപ്പാക്കുന്നത്. ഈ നാല് മേഖലകളിലും റെയില്‍വേ ഡിവൈ.എസ്.പി.മാരുടെ മേല്‍നോട്ടത്തില്‍ വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സേനാംഗങ്ങളെ ഉപയോഗിച്ച് ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പട്രോളിങ് നടത്തുന്നുണ്ട്. സ്ത്രീകള്‍ കൂടുതലുള്ള കമ്പാര്‍ട്ട്മെന്റുകളില്‍ പ്രത്യേക പരിശോധന നടത്താനും തീരുമാനമായി. റെയില്‍വേ സ്റ്റേഷനുകളിലെ പ്രവേശന കവാടങ്ങളിലും ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 38 റെയില്‍വേ സ്റ്റേഷനുകളില്‍ മദ്യപിച്ചവരെ കണ്ടെത്താനായി ആല്‍ക്കോമീറ്റര്‍ പരിശോധനയും തുടങ്ങിയിട്ടുണ്ട്.

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നവരെയും ട്രാക്കില്‍ കല്ലും മറ്റും വെച്ച് അപകടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെയും കണ്ടെത്താന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍.പി.എഫ്.) പൊലീസും നിരീക്ഷണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ, ബോംബ് സ്‌ക്വാഡിന്റെയും നര്‍ക്കോട്ടിക് വിഭാഗത്തിന്റെയും സഹായത്തോടെ മയക്കുമരുന്നുകള്‍, നിരോധിത പുകയില ഉത്പന്നങ്ങള്‍, ഹവാല പണം എന്നിവ കണ്ടെത്താനുള്ള പരിശോധനയും ശക്തമാക്കി. സംശയകരമായ വസ്തുക്കളോ ഉപേക്ഷിക്കപ്പെട്ട ബാഗുകളോ കണ്ടെത്തിയാല്‍ ഉടന്‍ പരിശോധന നടത്താന്‍ ബോംബ് സ്‌ക്വാഡ്, കെ-9 സ്‌ക്വാഡ് എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തും.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയും പ്ലാറ്റ്‌ഫോം ടിക്കറ്റില്ലാതെ കറങ്ങി നടക്കുന്നവരെയും കര്‍ശനമായി നിരീക്ഷിച്ച് നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ ആക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും.

സംശയാസ്പദമായ വസ്തുക്കളെയോ വ്യക്തികളെയോ കണ്ടാഓങല്‍ യാത്രക്കാര്‍ക്ക് റെയില്‍ അലര്‍ട്ട് കണ്‍ട്രോള്‍ നമ്പരായ 9846200100-ലോ, എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (ERSS) കണ്‍ട്രോള്‍ 112-ലോ, റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പരായ 139-ലോ വിവരം നല്‍കാവുന്നതാണെന്ന് പാലക്കാട് റെയില്‍വെ പൊലീസ് ഡിവൈ.എസ്.പി അറിയിച്ചു.

 

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …