പാലക്കാട്: പാലക്കാട്- ഗൂഡല്ലൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വ്വീസിന് തുടക്കമായി. യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ആദ്യ സര്‍വ്വീസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ചൊവ്വാഴ്ച നിര്‍വ്വഹിച്ചു. മണ്ണാര്‍ക്കാട്-വഴിക്കടവ്-നിലമ്പൂര്‍ വഴിയാണ് സര്‍വ്വീസ്. ദിവസവും രാവിലെ 7.45ന് പാലക്കാട് ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് 12.20ന് ഗൂഡല്ലൂരിലെത്തും. ഉച്ചയ്ക്ക് 1.30ന് ഗൂഡല്ലൂരില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് 6.05ന് പാലക്കാട് തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ചടങ്ങില്‍ ജില്ല ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍, യൂണിയന്‍ ഭാരവാഹികളായ സന്തോഷ് കുമാര്‍, രവി കണ്ണാടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Prathinidhi Online