പാലക്കാട്: ശുദ്ധജല പൈപ്പിലെ ചോര്‍ച്ച അടക്കാത്തത് മൂലം വെള്ളമിറങ്ങി റോഡിന്റെ ഭാഗം ഇടിഞ്ഞുതാണു. ചുണ്ണാമ്പുതറ പാലത്തിനു താഴെ റാം നഗറിലേക്കു പോകുന്ന റോഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്. പാലക്കാട് നഗരത്തില്‍ നിന്നു ജൈനിമേട് വഴി ഒലവക്കോട്ടേക്കു പോകുന്ന റോഡാണിത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡിനോടൊപ്പം വൈദ്യുതി പോസ്റ്റും തകര്‍ന്നിട്ടുണ്ട്. പലതവണ പ്രദേശവാസികള്‍ അറിയിച്ചിട്ടും ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചിട്ടുണ്ട്.
അതേസമയം റോഡ് ഇടിയുന്ന സമയത്ത് ഇതുവഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യാത്രികനും അപകടത്തില്‍ പെട്ടിരുന്നു. മുണ്ടൂര്‍ സ്വദേശി എ.ശരത് (31) ആണ് അപകടത്തില്‍ പെട്ടത്. റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ശരത് ചെളി നിറഞ്ഞ ചതുപ്പിലേക്ക് വീഴുകയായിരുന്നു. ശരത്തിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Prathinidhi Online