പാലക്കാട്: ജില്ലയെ അതി ദാരിദ്രരില്ലാത്ത ജില്ലയായുള്ള പ്രഖ്യാപനം നാളെ (ബുധനാഴ്ച) നടക്കും. കെ. ശാന്തകുമാരി എംഎല്‍എ പ്രഖ്യാപനം നടത്തും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന അതിദാരിദ്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജില്ലയ്ക്ക് നേട്ടം കൈവരിക്കാനായത് എന്ന് സര്‍ക്കാര്‍ പറയുന്നു. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2021 ഓഗസ്റ്റിലാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ഭക്ഷണം, ആരോഗ്യം, സുരക്ഷിതമായ താമസസ്ഥലം, അടിസ്ഥാനവരുമാനം എന്നിവയില്ലാത്ത അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തുകയാണ് ചെയ്തത്. തുടര്‍ന്ന് ഇവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.
രാവിലെ പത്തിന് കോങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയാവും. ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം.എസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. മറ്റു ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോട്ടയം, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ ജില്ലകളാണ് അടുത്തിടെ അതിദാരിദ്രമുക്ത ജില്ലകളായി പ്രഖ്യാപിക്കപ്പെട്ടത്. കോഴിക്കോടിനെ അതിദാരിദ്ര മുക്ത ജില്ലയായി ഇന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ജൂണിലാണ് അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത അതി ദരിദ്രരായ 64,006 കുടുംബങ്ങളെ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.
Prathinidhi Online