പരിവാഹന്‍ ആപ്പിന്റെ പേരില്‍ തട്ടിപ്പ് പെരുകുന്നു; ഒറ്റ ക്ലിക്കില്‍ കള്ളന്മാര്‍ അക്കൗണ്ട് മുഴുവന്‍ കാലിയാക്കും

പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ ആപ്പിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ് സംഘം കൊള്ളയടിക്കുന്നത് ലക്ഷങ്ങള്‍. നിയമലംഘനം നടത്തിയതായി കാണിച്ച് വാട്‌സ്ആപ് വഴി ചലാന്‍ അയച്ചാണ് തട്ടിപ്പ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും കള്ളന്മാരുടെ കൈകളിലേക്കെത്തും. ഇത്തരത്തില്‍ ഒരാഴ്ചക്കിടെ ആലപ്പുഴയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 7 കേസുകളാണ്.

ചേര്‍ത്തല, പൂച്ചാക്കല്‍, ആലപ്പുഴ സൗത്ത്, കായംകുളം പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിങ്ങളുടെ വാഹനം നിയമം ലംഘിച്ചതായി കണ്ടെത്തിയെന്നും ഉടന്‍ തന്നെ പിഴ അടക്കണമെന്നും കാണിച്ചുള്ള വാട്‌സ്ആപ് സന്ദേശമാണ് ആദ്യമെത്തുക. വാഹനത്തിന്റെ നമ്പര്‍, നിയമലംഘനം നടത്തിയ തീയ്യതി, പിഴത്തുക, ചലാന്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള മെസേജാണ് അയക്കുന്നത്.

നിയമലംഘനത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതിനായും തെളിവുകള്‍ കാണുന്നതിനും താഴെ നല്‍കിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക എന്നും സന്ദേശത്തിലുണ്ടാകും. ലിങ്ക് ക്ലിക്ക് ചെയ്യുന്നവര്‍ക്കാണ് പണം നഷ്ടമാകുന്നത്. ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഓട്ടോമാറ്റിക്കായി വാഹന ഉടമയുടെ ഫോണില്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ആകും. പിന്നീട് ഈ ആപ്പിന്റെ സഹായത്തോടെ ഫോണിന്റെ നിയന്ത്രണം സൈബര്‍ കള്ളന്മാര്‍ ഏറ്റെടുക്കുകയും ബാങ്കിന്റെ ഒടിപി പോലുമില്ലാതെ ബാങ്കില്‍ നിന്നും പണം ചോര്‍ത്താന്‍ കള്ളന്മാര്‍ക്ക് കഴിയുകയും ചെയ്യും.

നിയമലംഘനമുണ്ടായാല്‍ പിഴ ഈടാക്കുമെന്ന് കാണിച്ച് വാട്‌സ്ആപില്‍ സന്ദേശം വരില്ലെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവ സാധാരണ സന്ദശങ്ങളായിട്ടായിരിക്കും വരികയെന്നും പോലീസ് അറിയിച്ചു. മാത്രമല്ല ഫോണിലെ സെറ്റിങ്‌സുകള്‍ ഏതുതരം ആപ്പുകളേയും സ്വീകരിക്കുന്ന രീതിയില്‍ നിന്ന് മാറ്റി ക്രമീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …