പാലക്കാട്: സംസ്ഥാനത്ത് പുതുക്കിയ നിരക്കിലുള്ള ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. നേരത്തേയുണ്ടായിരുന്ന ഒരു മാസത്തെ കുടിശ്ശികയും ചേർത്തുള്ള 3600 രൂപയാണ് വിതരണം തുടങ്ങിയത്. 1600 രൂപയായിരുന്ന പെൻഷൻ 2000 രൂപയായി വർധിപ്പിച്ചത് നവംബർ മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇതോടൊപ്പം അഞ്ച് മാസത്തെ കുടിശികയിൽ ശേഷിക്കുന്ന ഒരു ഗഡു 1600 രൂപയും ഈ മാസം വിതരണം ചെ യ്യും.
1864 കോടി രൂപ ഇതിനായി ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടിയും ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടിയുമാണ് അനുവദിച്ചത്. 2023-24 സാമ്പത്തിക വർഷം സംസ്ഥാനം നേരിടേണ്ടിവന്ന സാമ്പത്തിക ഞെരുക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെൻഷൻ അഞ്ചുമാസം കുടിശ്ശികയായത്. 2026 മാർച്ചിന് മുമ്പ് വിവിധ ഘട്ടങ്ങളിലായി കുടിശിക തീർപ്പാക്കുമെന്ന് 2024 ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. 2024-25 സാമ്പത്തിക വർഷം ഇതിൽ രണ്ടു ഗഡു കുടിശ്ശിക തീർപ്പാക്കിയിരുന്നു. 2025-26 സാമ്പത്തിക വർഷത്തിന്റെ പകുതിയിൽ ശേഷിക്കുന്ന രണ്ട് ഗഡു നൽകിയിട്ടുണ്ട്.
Prathinidhi Online