മറ്റു രക്ത ഗ്രൂപ്പില്‍ പെട്ടവരെ അപേക്ഷിച്ച് എ ഗ്രൂപ്പ് രക്ത ഗ്രൂപ്പുകാര്‍ക്ക് പക്ഷാഘാതം (സ്‌ട്രോക്ക്) വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പക്ഷാഘാതം സംഭവിച്ച 60 വയസ്സിന് താഴെയുള്ള 17,000 രോഗികളിലായി 48 ജനിതക പഠനങ്ങളാണ് സംഘം നടത്തിയത്.
എ ഗ്രൂപ്പുകാര്‍ക്ക് 60 വയസ്സിന് മുന്‍പേ തന്നെ പക്ഷാഘാതം വരാനുള്ള സാധ്യത 16 ശതമാനം അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. ഒ രക്തഗ്രൂപ്പുകാര്‍ക്ക് 60 വയസ്സിന് മുന്‍പ് പക്ഷാഘാതം വരാനുള്ള സാധ്യത 12 ശതമാനം കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി. ഒ ഗ്രൂപ്പ് അല്ലാത്തവരില്‍ വോണ്‍ വില്ലബ്രാന്‍ഡ് ഫാക്ടര്‍, ഫാക്ടര്‍ 8 എന്നീ പ്രോട്ടീനുകളുടെ അളവ് കൂടുതലായിരിക്കും. ഇവയാണ് രക്തത്തെ കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍. ഇവ കൂടുന്നത് മൂലം പക്ഷാഘാത സാധ്യത വര്‍ധിക്കുന്നു. അതേസമയം ജനിതകപരമായ കാരണങ്ങളും പക്ഷാഘാതം സംഭവിക്കുന്നതില്‍ സുപ്രധാനമാണ്. അതുകൊണ്ടുതന്നെ എ ഗ്രൂപ്പ് രക്തമാണെന്ന് കരുതി എല്ലാവര്‍ക്കും പക്ഷാഘാതം വരുമെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ജീവിത ശൈലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്‌ട്രോക്ക് സാധ്യത കൂട്ടുന്നവയാണ്. ഇത്തരക്കാര്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതും പക്ഷാഘാത സാധ്യത കരുതിയിരിക്കേണ്ടതുമാണ്. വ്യായാമവും പ്രമേഹം, കൊളസ്‌ട്രോള്‍ ഉള്‍പ്പെടെയുള്ളവ നിയന്ത്രിച്ച് നിര്‍ത്തലും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കലുമെല്ലാം പ്രതിരോധത്തിന് പ്രധാനമാണ്. ഇതിന് പുറമെ പുകവലി, മദ്യപാനം, മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഇതെല്ലാം ഒഴിവാക്കുകയും വേണം. ആരോഗ്യ പരിശോധനകള്‍ ഇടയ്ക്ക് നടത്തുന്നതും ഫലപ്രദമാണ്.
Prathinidhi Online