പാലക്കാട്: എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട ബ്രൂവറി പ്ലാന്റില്‍ ജെസിബി തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. ബ്രൂവറിക്ക് ഏറ്റെടുത്ത ഭൂമിയില്‍ ആദ്യഘട്ട നടപടികളുടെ ഭാഗമായി സ്ഥലം വൃത്തിയാക്കാനുള്ള ഒയാസിസ് കമ്പനിയുടെ നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്. ജെസിബി ഉള്‍പ്പെടെയുള്ളവ നാട്ടുകാരും സമരസമിതി പ്രവര്‍ത്തകരും തടഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് പ്ലാന്റ് നിര്‍മ്മിക്കാന്‍ കണ്ടെത്തിയ സ്ഥലത്ത് സാധന സാമഗ്രികളെത്തിച്ചത്. സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ബ്രൂവറി നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനിയിലാണ്. കേസ് ഒക്ടോബര്‍ ആറിനാണ് കോടതി പരിഗണിക്കുക. പ്രദേശത്തെ കാട് വെട്ടിത്തെളിക്കാന്‍ എത്തിച്ചതാണ് ജെസിബി ഉള്‍പ്പെടെയുള്ള ഉപകരണങ്ങളെന്നാണ് കമ്പനിയുടെ വാദം. എന്നാല്‍ ഇത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സര്‍വേ നടത്തി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനായി കമ്പനി സ്വകാര്യ ഏജന്‍സിയെ നിയമിച്ചതായും സംശയിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രിയില്‍ നിര്‍മ്മാണം തുടങ്ങാനായിരുന്നു പദ്ധതിയെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. എന്ത് വില കൊടുത്തും നിര്‍മ്മാണ പ്രവര്‍ത്തനം തടയുമെന്നാണ് സമരസമിതിയുടെ നിലപാട്. ബ്രൂവറിക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ അവഗണിച്ചെന്നാണ് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു വിഷയത്തില്‍ പ്രതികരിച്ചത്. പെട്ടെന്നൊരു ദിവസം നിര്‍മാണവുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രേവതി ബാബു പറയുന്നു.
Prathinidhi Online