തിരുവനന്തപുരം: പിഎസ്‌സിയിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്രയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. വ്യാജ അഡൈ്വസ് മെമ്മോ ഉള്‍പ്പെടെ തയ്യാറാക്കി നല്‍കിയായിരുന്നു തട്ടിപ്പ്. കബളിപ്പിക്കപ്പെട്ടവരില്‍ ഡോക്ടര്‍മാരും അധ്യാപകരും വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ സംഘം തട്ടിയെടുത്തിട്ടുണ്ട്. വിശ്വാസത്തിനായി പിഎസ് സി ഓഫീസിന്റെ പുറത്ത് വച്ചും പണം കൈമാറ്റം ചെയ്‌തെന്നാണ് പറ്റിക്കപ്പെട്ടവരുടെ മൊഴികള്‍.
സെപ്തംബര്‍ 12ന് ശ്രീചിത്രയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോയ ഉദ്യോഗാര്‍ത്ഥികളാണ് തട്ടിപ്പ് ആദ്യം മനസ്സിലാക്കിയത്. വ്യാജ നിയമന ഉത്തരവുമായി അന്‍പതോളം പേരായിരുന്നു ശ്രീചിത്രയില്‍ എത്തിയത്. ഇത്തരത്തില്‍ ഇടുക്കി ഏലപ്പാറ സ്വദേശിനിയില്‍ നിന്നും 15 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. മകനും മരുമകള്‍ക്കും ജോലി വാങ്ങി നല്‍കാമെന്നായിരുന്നു ഇവരോട് സംഘത്തിലുളളവര്‍ പറഞ്ഞിരുന്നത്. രേഖാമൂലം ഇവര്‍ പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്.
വാഗമണ്‍ പുള്ളിക്കാനം സ്വദേശിയായ ഒരാള്‍ മകള്‍ക്ക് അധ്യാപക ജോലി കിട്ടാനായി വീടുവിറ്റ പണം സംഘത്തിനു നല്‍കി. എന്നാല്‍ തട്ടിപ്പാണെന്ന് പിന്നീടാണ് ഇവര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബിജെപിയുടെ പ്രാദേശിക നേതാവ് ബെന്നി പെരുവന്താനം, രാജേഷ്, ഫൈസല്‍, അഗസ്റ്റിന്‍ എന്നിവരാണ് തന്നെ പറ്റിച്ചതെന്നാണ് പരാതിയില്‍. എന്നാല്‍ ഇവരുടെ മൊബൈല്‍ ഫോണുകളടക്കം ഏറെനാളായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
പിഎസ് സിയുടെ പേരിലും വലിയ തട്ടിപ്പാണ് സംസ്ഥാനത്ത് നടന്നത്. ടാക്‌സി ഡ്രൈവറായ ഏലപ്പാറ സ്വദേശിയും ഈ രീതിയില്‍ പറ്റിക്കപ്പെട്ടു. ഇയാള്‍ ജോലിക്കിടെ പരിചയപ്പെട്ട ബെന്നി പെരുവന്താനം എന്നയാള്‍ പണം നല്‍കിയാല്‍ മകന് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് ആയുര്‍വേദ ഡോക്ടറായ മകന്റെ സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെട്ട പണത്തിന്റെ പകുതിയും ഇയാള്‍ക്ക് നല്‍കി. തുടര്‍ന്ന് ഇടുക്കി പാറമേക്കാവ് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നിയമനമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് പട്ടത്തെ പിഎസ് സി ഓഫീസില്‍ വിളിച്ചു വരുത്തി ബാക്കി പണംകൂടെ കൈപ്പറ്റി. പിന്നീട് ശ്രീചിത്രയില്‍ മരുമകള്‍ക്ക് ജോലി കിട്ടാന്‍ വേണ്ടിയും കുടുംബം പണം നല്‍കിയിരുന്നു. പിഎസ് സി ഉദ്യോഗസ്ഥനെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ടാഗ് ധരിച്ച ഒരാളും ഇയാളുടെ കൂടെ ഉണ്ടായിരുന്നെന്നാണ് പരാതിയില്‍.
പരീക്ഷയുണ്ടെകുമെങ്കിലും നേരിട്ട് വരേണ്ടെന്നും രൂപസാമ്യമുള്ള ആളെക്കൊണ്ട് പരീക്ഷ എഴുതിപ്പിക്കുമെന്നാണ് തട്ടിപ്പുകാര്‍ ഇരകളെ വിശ്വസിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഓഗസ്റ്റില്‍ റാങ്ക് ലിസ്റ്റും തുടര്‍ന്ന് പിഎസ് സിയുടെ വ്യാജ നിയമന ശുപാര്‍ശയും അയച്ചുകൊടുത്തു. സര്‍ക്കാര്‍ സീലും ഒപ്പുകളുമടക്കം എല്ലാം ഒറിജിനലിനെ വെല്ലുന്ന വ്യാജരേഖകളായിരുന്നു.
Prathinidhi Online