തിരുവനന്തപുരം: പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു യുവതിയുമായുണ്ടായിരുന്നതെന്നും ഗര്‍ഭഛിദ്രം നടത്തിയത് യുവതിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ പറഞ്ഞു. ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ് അഭിഭാഷകര്‍ ഇക്കാര്യം കോടതിയില്‍ പറഞ്ഞത്. യുവതി വിവാഹിതയാണെന്നും ഗര്‍ഭത്തിന് ഉത്തരവാദി ഭര്‍ത്താവായിരിക്കാമെന്നും കോടതിയില്‍ അഭിഭാഷകര്‍ വാദിച്ചു. അടച്ചിട്ട കോടതിയിലായിരുന്നു വാദം. കേസില്‍ തുടര്‍വാദം വ്യഴാഴ്ച കേട്ട ശേഷമാകും ജാമ്യാപേക്ഷയില്‍ വിധി പറയുകയെന്ന് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി വ്യക്തമാക്കി.
ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വിശ്വാസവഞ്ചന, ദേഹോപദ്രവം, സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കല്‍ തുടങ്ങി എട്ട് വകുപ്പുകളാണ് എംഎല്‍എക്കെതിരെ ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം മുതല്‍ ജീവപര്യന്ത്യം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ബലാത്സംഗം ഫോണില്‍ ചിത്രീകരിച്ചെന്നും പുറത്തു പറഞ്ഞാല്‍ ഭീഷണിപ്പെടുത്തുമെന്നും രാഹുല്‍ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് യുവതിയെ വിളിച്ചു വരുത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തതായും ആരോപിച്ചിട്ടുണ്ട്.
യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫെന്നയാള്‍ ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ച് നല്‍കിയതായും പരാതിയിലുണ്ട്. യുവതിയുടെ മൊഴിയില്‍ ഇയാളേയും കേസില്‍ പ്രതിചേര്‍ത്തതായാണ് വിവരം.
Prathinidhi Online