ഓടുന്ന ട്രെയിനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണു എന്നതിന്റെ പേരില്‍ അപായച്ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്). ഇത്തരം കേസുകള്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ മുന്നറിയിപ്പ്. അനാവശ്യമായി ഇത്തരത്തില്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 1000 രൂപ പിഴയോ ഒരുവര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടുംകൂടിയ ശിക്ഷയോ ലഭിക്കാന്‍ സാധ്യതയുണ്ട്.
മൊബൈല്‍ ഫോണ്‍ പുറത്ത് വീഴുകയാണെങ്കില്‍ വീണസ്ഥലം കൃത്യമായി നോട്ട് ചെയ്ത് റെയില്‍വേ അധികൃതരേയോ റെയില്‍വേ പോലീസിനേയോ അല്ലെങ്കില്‍ റെയില്‍വേ സംരക്ഷണ സേനയേയോ വിവരമറിയിക്കാം. ഇതിനായി റെയില്‍വേയുടെ 139 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലോ ആര്‍പിഎഫ് ഹെല്‍പ്പ് ലൈനായ 182 ലോ വിളിക്കാം. വിവരം നല്‍കുന്ന ആള്‍ ട്രെയിന്‍ നമ്പര്‍, സീറ്റ് നമ്പര്‍, യാത്രക്കാരന്റെ തിരിച്ചറിയല്‍ രേഖയുടെ വിവരങ്ങള്‍ എന്നിവ നല്‍കണം. പരാതി ലഭിച്ചാല്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും സാധനങ്ങള്‍ കണ്ടെത്തിയാല്‍ യഥാര്‍ത്ഥ ഉടമകള്‍ക്ക് നല്‍കുകയും ചെയ്യും.
അതേസമയം മോഷണം നടന്നാല്‍ ട്രെയിന്‍ നിര്‍ത്തുന്നതിനായി അപായച്ചങ്ങല വലിക്കുന്നതില്‍ തെറ്റില്ലെന്നും ആര്‍പിഎഫ് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ മൊബൈല്‍ ഫോണും ഉള്‍പ്പെടും.
Prathinidhi Online