രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടം എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷയില്‍ വിശദ വാദത്തിനു ശേഷം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായാണ് കേസില്‍ കോടതി വാദം കേട്ടത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്.

അതേസമയം രാഹുലിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കൂടിയാണ് കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ് കടന്നത്. പാര്‍ട്ടി ഐക്യഗണ്ഡമായാണ് തീരുമാനമെടുത്തതെന്നും സണ്ണി ജോസഫ് പറഞ്ഞു. എംഎല്‍എ സ്ഥാനത്തിന്റെ കാര്യത്തില്‍ രാഹുലാണ് തീരുമാനമെടുക്കേണ്ടതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു. പ്രതിക്ക് ജാമ്യം നല്‍കരുതെന്നും സമാനമായ കുറ്റകൃത്യത്തിലേര്‍പ്പെടുന്നയാളാണെന്നും തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രാഹുല്‍ ഒളിവിലാണെന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. രാഹുല്‍ യുവതിയുടെ ഫ്‌ലാറ്റിലെത്തി ആത്മഹത്യാഭീഷണി മുഴക്കി സമ്മര്‍ദം ചെലുത്തിയതിനെതുടര്‍ന്നാണ് രാഹുലിന്റെ സുഹൃത്തായ ജോബിയില്‍ നിന്ന് ഗുളിക വാങ്ങേണ്ടിവന്നതെന്നാണ് യുവതിയുടെ മൊഴിയെന്നും ഉഭയസമ്മതപ്രകാരമായിരുന്നില്ല ലൈംഗിക ബന്ധമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഗുളിക കൊണ്ടുവരാന്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്ന ഓഡിയോ പ്രതിഭാഗം കോടതിയില്‍ കൈമാറിയുന്നു. ഇതിന് മറുപടിയായിട്ടാണ് രാഹുല്‍ ആത്മഹത്യാഭീഷണി മുഴക്കിയ കാര്യം പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

ഉഭയസമ്മത പ്രകാരമായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധമെന്നും പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നുമുള്ള രണ്ട് വാദങ്ങളാണ് പ്രതിഭാഗം ഉയര്‍ത്തിയത്. ഈ രണ്ട് വാദങ്ങളേയും തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി. ഒരു പെണ്‍കുട്ടി അവരുടെ ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുന്നതിനിടെ ഒരു ജനപ്രതിനിധിയെ സഹായത്തിന് സമീപിച്ചപ്പോള്‍ അവിടെ ചൂഷണം നടക്കുകയാണ് ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. ഇതിന്റെ തെളിവുകളും കോടതിയില്‍ പ്രസോക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …