സ്വര്‍ണ പണയ വായ്പയിന്മേല്‍ പലിശയടച്ച് ഇനി പുതുക്കാനാകില്ല; 2026 ഏപ്രില്‍ മുതല്‍ നടപ്പിലാക്കും

മുംബൈ: സ്വര്‍ണ ഉരുപ്പടികളില്‍ പലിശ മാത്രം അടച്ച് പുതുക്കുന്ന സംവിധാനം നിര്‍ത്തലാക്കി ആര്‍ബിഐ. സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകളിലാണ് മാറ്റം വരുത്തിയത്. പണയ വായ്പയില്‍ നിയന്ത്രണം കൊണ്ടുവരുന്ന നിരവധി വ്യവസ്ഥകള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കാനും സുതാര്യത ഉറപ്പ് വരുത്തുക, തിരിച്ചടവില്‍ അച്ചടക്കം പാലിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം നടപ്പാക്കുന്നത്.

രണ്ട് ഘട്ടമായാണ് പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കും. പണയ വായ്പയിന്മേല്‍ പലിശയടച്ച് പണയം പുതുക്കാനുള്ള സൗകര്യം 2026 ഏപ്രില്‍ ഒന്നുമുതല്‍ ഇല്ലാതാകും. ഇതിന് പുറമെ ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥയും ആര്‍ബിഐ കര്‍ശനമാക്കിയിട്ടുണ്ട്. മുതലും പലിശയും സഹിതം 12 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കണം. വായ്പ അടച്ചുതീര്‍ത്താല്‍ പണയ സ്വര്‍ണം ഉടനെ തിരികെ നല്‍കാനും വീഴ്ചവരുത്തിയാല്‍ പിഴ ഈടാക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വായ്പാ കരാര്‍, മൂല്യനിര്‍ണയം, ലേല നടപടികള്‍ എന്നിവ സുതാര്യമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് മനസിലാകുന്ന പ്രാദേശിക ഭാഷയില്‍ എല്ലാ വിവരങ്ങളും നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. 2.50 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്കായി സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനംവരെ അനുവദിക്കാം. 2.50 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണെങ്കില്‍ മൂല്യത്തില്‍ പരിധി 80 ശതമാനമായിരിക്കും. അതിനും മുകളിലാണ് വായ്പയെങ്കില്‍ 75 ശതമാനം പരിധിയും നിശ്ചയിച്ചു. ഈ മാറ്റങ്ങള്‍ 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കും. അസംസ്‌കൃത രൂപത്തിലുള്ള സ്വര്‍ണത്തിനോ വെള്ളിക്കോ വായ്പ നല്‍കില്ല. അതേസമയം, സ്വര്‍ണമോ വെള്ളിയോ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന എല്ലാ നിര്‍മാതാക്കള്‍ക്കും പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും. നേരത്തെ ഇത് ജ്വല്ലറികള്‍ക്ക് മാത്രമായിരുന്നു ലഭിച്ചിരുന്നത്. ചെറു പട്ടണങ്ങളിലെ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും സ്വര്‍ണ വായ്പ നല്‍കാനും റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …