രാജ്യതലസ്ഥാനത്തെ ഭീകരാക്രമണം; മരിച്ച 5 പേരെ തിരിച്ചറിഞ്ഞു; സ്‌ഫോടനത്തിന് പിന്നില്‍ ഡോ.ഉമര്‍ ?

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച ഭീകരാക്രമണത്തില്‍ മരിച്ച 5 പേരെ തിരിച്ചറിഞ്ഞു. 9 പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോ. ഉമര്‍ യു നബി എന്നയാളാണ് സ്‌ഫോടനം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് സംശയം. ചെങ്കോട്ടയ്ക്ക്ക സമീപം തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം 6.52ഓടെയാണ് സ്‌ഫോടനമുണ്ടായത്. എച്ച് ആര്‍ 26CE7674 നമ്പര്‍ വെളുത്ത ഐ20 കാറിലാണ് സ്‌ഫോടനം നടന്നത്. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്.

സ്‌ഫോടനത്തില്‍ ചാവേറായ ഡോ. ഉമര്‍ യു നബിയുടേത് എന്ന് കരുതുന്ന ചിത്രം

സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനം മൂന്ന് മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. വൈകീട്ട് 3.19ന് എത്തിയ കാര്‍ 6.30നാണ് ഇവിടെ നിന്നും പുറപ്പെട്ടത്. തുടര്‍ന്ന് 6.52ന് ചെങ്കോട്ടയ്ക്ക് സമീപമുള്ള ലാല്‍കിലയ്ക്കടുത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. ഫോറന്‍സിക് തെളിവുകളും ഇന്റലിജന്‍സ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമായ യുഎപിഎയിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാര്‍ ഉടമ താരിഖിനെ ജമ്മു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ 11മണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഐബി ഡയറക്ടര്‍, ആഭ്യന്ത സെക്രട്ടറി, ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …