ന്യൂഡല്‍ഹി: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത് 765 സ്‌കൂളുകള്‍. കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ വകുപ്പ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് സിബിഎസ്ഇ, ഐസിഎസ് സി ബോര്‍ഡുകളുടെ അംഗീകാരമുണ്ടെന്ന വ്യാജേന സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
കേരള വിദ്യഭ്യാസ ചട്ടവും (കെഇആര്‍) കേന്ദ്ര വിദ്യഭ്യാസ അവകാശ നിയമ പ്രകാരവും മാത്രമേ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. സംസ്ഥാന സിലബസിന് പുറമേയുള്ള സിലബസുകളിലുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം വിദ്യഭ്യാസ വകുപ്പിന്റെ എന്‍ഒസി (ആക്ഷേപങ്ങളില്ലെന്ന സാക്ഷ്യപത്രം) നിര്‍ബന്ധമാണ്. എന്നാല്‍ ഈ നിബന്ധനകള്‍ മറികടന്നു കൊണ്ടാണ് 765 സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് 19,518 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് അനധികൃതമായി
രാജ്യത്താകെ 19,518 വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ ജാര്‍ഖണ്ഡിലാണ്. 5701 എണ്ണം. രണ്ടാം സ്ഥാനത്തുള്ള ബീഹാറില്‍ 4159 സ്‌കൂളുകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. ബംഗാള്‍ (3555), അസം (2475) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. എന്നാല്‍ കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ഒരു സ്‌കൂള്‍ മാത്രമാണ് ഇത്തരത്തിലുള്ളത്. ഏറ്റവും കുറവുള്ള മറ്റ് സംസ്ഥാനങ്ങള്‍ ഉത്തരാഖണ്ഡും (11), മധ്യപ്രദേശും (12), ഛത്തീസ്ഗഡും (12) ആണ്.
ഇവയില്‍ 99 ശതമാനവും ട്രസ്റ്റുകളോ മതസ്ഥാപനങ്ങളുമായോ ബന്ധപ്പെട്ടുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകളാണ്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ അംഗീകാരമില്ലാത്ത ഒരു സ്‌കൂള്‍ പോലുമില്ല. ഇത്തരം സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നാണ് മന്ത്രാലയം പറയുന്നത്.
Prathinidhi Online