പാലക്കാട്: രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില ദശാബ്ദത്തിലെ ഏറ്റവും താഴ്ചയില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ വിലക്കയറ്റം രൂക്ഷമായി നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റീട്ടെയില്‍ പണപ്പെരുപ്പം അഥവാ ചില്ലറ വിലക്കയറ്റത്തോത് (സിപിഐ ഇന്‍ഫ്‌ലേഷന്‍) 0.25 ശതമാനമായി താഴ്ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചു. സെപ്തംബറില്‍ ഇത് 1.44 ശതമാനമായിരുന്നു. കേരളത്തില്‍ പക്ഷേ ദേശീയ ട്രെന്‍ഡിന് വിരുദ്ധമായി വിലക്കയറ്റം തുടരുകയാണ്.
കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ സൂചികയായ 4 ശതമാനത്തിന് താഴെയാണ്. കേരളത്തില്‍ പക്ഷേ ഇത് 8.56 ശതമാനമാണ്. ഇതോടെ തുടര്‍ച്ചയായ 10ാം മാസവും പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം തുടരുകയാണ്. ജമ്മു കശ്മീരാണ് രണ്ടാം സ്ഥാനത്ത്. 2.95 ശതമാനമാണ് ജമ്മുകശ്മീരിന്റെ പണപ്പെരുപ്പ നിരക്ക്. മൂന്നാംസ്ഥാനത്തുള്ള കര്‍ണാടകയില്‍ ഇത് 2.34 ശതമാനമാണ്.
കേരളത്തിലെ ഗ്രാമങ്ങളില്‍ പണപ്പെരുപ്പ നിരക്ക് 9.64 ശതമാനവും നഗരങ്ങളിലിത് 6.51 ശതമാനവുമാണ്.
Prathinidhi Online