പാലക്കാട്: ജില്ലയിലെ ഭൂരഹിതരായ 2303 കുടുംബങ്ങള്‍ക്ക് കൂടി പട്ടയങ്ങള്‍ വിതരണം ചെയ്തു. റവന്യു വകുപ്പിന്റെ പട്ടയം നല്‍കുന്നതിനായി രൂപീകരിച്ച പട്ടയ മിഷനും പട്ടയ അസംബ്ലികളും സംയുക്തമായി ചേര്‍ന്നാണ് ഓരോ മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തിയത്. പട്ടയമേളയുടെ ഉദ്ഘാടനം ഓണ്‍ലൈനായി റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 46643 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി അധ്യക്ഷനായിരുന്നു. നവകേരള സൃഷ്ടിയില്‍ പട്ടയമേള വലിയ പങ്ക് വഹിച്ചതായി അധ്യക്ഷ പ്രസംഗത്തിനിടെ മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യസാക്ഷാത്കരണത്തിലേക്ക് റവന്യു വകുപ്പ് അടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തൊട്ടാകെ പട്ടയമേളകള്‍ സംഘടിപ്പിക്കുന്നത്. പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, അഡ്വ. കെ ശാന്തകുമാരി, ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി, എ.ഡി.എം കെ സുനില്‍കുമാര്‍, ആര്‍.ഡി.ഒ കെ.മണികണ്ഠന്‍, ജില്ലയിലെ തഹസില്‍ദാര്‍മാര്‍, മറ്റു രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പട്ടാമ്പി, ഒറ്റപ്പാലം, അട്ടപ്പാടി, പാലക്കാട് താലൂക്ക് ലാന്‍ഡ് ട്രൈബ്യൂണലുകളില്‍

നിന്നുള്ള 1440 പട്ടയങ്ങള്‍, പാലക്കാട് ലാന്‍ഡ് അസൈന്‍മെന്റ് ജനറല്‍ നമ്പര്‍ ഒന്ന്, രണ്ട് ഓഫീസുകളില്‍ നിന്നായി 25 പട്ടയങ്ങള്‍, പാലക്കാട് ആര്‍.ആര്‍ തഹസില്‍ദാര്‍ ഓഫീസില്‍ നിന്നായി 15 പട്ടയങ്ങള്‍, പാലക്കാട് പി.എ.ആര്‍- തഹസില്‍ദാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നായി 140 പട്ടയങ്ങള്‍, ദേവസ്വം ലാന്‍സ് ട്രിബ്യൂണലില്‍ നിന്നുള്ള 675 പട്ടയങ്ങള്‍, എട്ട് എല്‍.എ പട്ടയങ്ങള്‍ എന്നിങ്ങനെ 2303 പട്ടയങ്ങളാണ് പരിപാടിയില്‍ വിതരണം ചെയ്തത്.
Prathinidhi Online