ശബരിമല സ്വര്‍ണക്കൊള്ള: കൊള്ളയടിച്ചെന്ന് കരുതുന്ന സ്വര്‍ണം കണ്ടെടുത്തു

തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്ന് കൊള്ളയടിച്ചതെന്ന് കരുതുന്ന സ്വര്‍ണം ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് ഗോവര്‍ദ്ധന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള റൊദ്ദം ജ്വല്ലറിയില്‍ നിന്നാണ് 400 ഗ്രാമിലേറെ തൂക്കമുള്ള സ്വര്‍ണം കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക പാളിയില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം ബെംഗളൂരുവിലെ സുഹൃത്ത് ഗോവര്‍ദ്ധനന് വിറ്റെന്ന പോറ്റിയുടെ മൊഴിക്ക് പിന്നാലെയാണ് അന്വേഷണ സംഘം ബെല്ലാരിയിലേക്ക് തിരിച്ചത്. സ്വര്‍ണം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ വാര്‍ത്തയോട് പ്രതികരിച്ചു.

ഇപ്പോള്‍ കണ്ടെത്തിയ സ്വര്‍ണം കൊള്ളയടിച്ചതിന് സമാന തൂക്കം വരുന്ന സ്വര്‍ണ്ണമാണ്. ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്ന് കവര്‍ന്ന സ്വര്‍ണമാണോ ഇതെന്ന് ശാസ്ത്രീയ പരിശോധനനയില്‍ മാത്രമെ സ്ഥിരീകരിക്കാനാകൂ. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കും. സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും എസ്‌ഐടി സംഘം ബെല്ലാരിയില്‍ ചോദ്യം ചെയ്തതായും ഗോവര്‍ദ്ധന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഒരു മാസമായി അടഞ്ഞു കിടക്കുകയാണ് ജ്വല്ലറി. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പുളിമാത്ത വീട്ടില്‍ നിന്നും സ്വര്‍ണ നാണയങ്ങളും രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്.

പോറ്റിയുമായി പ്രത്യേക സംഘം ബെംഗളൂരുവില്‍ തെളിവെടുപ്പ് തുടരുകയാണ്. ഗോവര്‍ദ്ധനന്റെ ബെല്ലാരിയിലെ വട്ടിലെത്തിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ശ്രീറാംപുരം അമ്പലത്തിലും തെളിവെടുപ്പ് നടത്തും. കര്‍ണാടക പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് എസ്‌ഐടിയുടെ തെളിവെടുപ്പ്. പോറ്റിയുടെ കസ്റ്റഡി കാലാവധി മാസം 30ന് അവസാനിക്കും. ഇതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷ സംഘം.

 

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …