തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം 10 പേരാണ് പ്രതിപ്പട്ടികയില്‍. വാതില്‍പ്പടിയിലെ സ്വര്‍ണം പതിപ്പിച്ച പാളികളും ദ്വാരപാലക ശില്‍പത്തിലെ പാളികളും ഇളക്കിയെടുത്ത് കൊണ്ടുപോയി എന്നതാണ് കേസ്.
2019ല്‍ സ്വര്‍ണം മോഷ്ടിച്ചതിനാണ് ആദ്യത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ടാമത്തേത് ജൂലായിലും. രണ്ടു കേസുകളിലും ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. ഇയാള്‍ക്ക് പുറമെ 9 ദേവസ്വം ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. പാളികള്‍ ഇളക്കി കൊണ്ടുപോയ സമയത്തെ ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മീഷ്ണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസട്രേറ്റീവ് ഓഫീസര്‍ പദവിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണിവര്‍. അഴിമതി നിരോധനം, കവര്‍ച്ച, ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
Prathinidhi Online