പത്തനംതിട്ട: 41 ദിവസം നീണ്ട മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമായി. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മ്മികത്വത്തില്‍ മണ്ഡല പൂജയോടെയാണ് നടയടച്ചത്. രാവിലെ 10.10 നും 11.30 നും ഇടയിലായിരുന്നു മണ്ഡല പൂജ. രാത്രി 10 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
അതേസമയം ഡിസംബര്‍ 25 വരെയുള്ള കണക്കനുസരിച്ച് 30,01,532 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞ സീസണില്‍ ഡിസംബര്‍ 23ന് തന്നെ തീര്‍ഥാടകരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരുന്നു (30,78,044 പേര്‍). മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അവധി ദിവസമായ ഞായറാഴ്ചകളില്‍ തിരക്കു കുറവായിരുന്നു. ഈ ഞായറാഴ്ച (ഡിസംബര്‍ 21) 61,576 പേരാണ് ദര്‍ശനത്തിനെത്തിയത്. ബാക്കി ദിവസങ്ങളില്‍ എണ്‍പതിനായിരത്തിനു മുകളില്‍ ഭക്തരെത്തിയെന്നാണ് കണക്ക്.
Prathinidhi Online