പാലക്കാട്: ചാലിശ്ശേരിയില്‍ പുരോഗമിക്കുന്ന 13-ാമത് ദേശീയ സരസ് മേള പെണ്‍കരുത്തിന്റെ വിജയഗാഥയായി മാറുന്നു. ആറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ആയിരക്കണക്കിന് വനിതാ സംരംഭകരുടെ അതിജീവനത്തിന്റെയും സ്വയംപര്യാപ്തതയുടെയും സാക്ഷ്യപത്രമായി മേള മാറി. കുടുംബശ്രീ അംഗങ്ങളുടെ സര്‍ഗ്ഗശേഷിക്ക് ചാലിശ്ശേരി വേദിയൊരുക്കുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്. കുടുംബശ്രീ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മേളയിലെ മറ്റൊരു ആകര്‍ഷണമാണ്. അംഗങ്ങള്‍ അവതരിപ്പിച്ച കൈകൊട്ടിക്കളി, വീരനാട്യം എന്നിവ ആസ്വാദക പ്രശംസ പിടിച്ചുപറ്റി. ചവിട്ടുകളി ഉത്സവവും കാണികള്‍ക്ക് നവ്യാനുഭവമായി.
രുചി വൈവിധ്യങ്ങളുമായി ഭക്ഷ്യ സ്റ്റാളുകളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്നുള്ള 25-ലേറെ ബിരിയാണി ഇനങ്ങളും അട്ടപ്പാടിയുടെ തനത് രുചിയായ ‘വനസുന്ദരി’യും സ്റ്റാളിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. ബുധനാഴ്ച നടന്ന സാംസ്‌കാരിക സമ്മേളനം കെ. രാധാകൃഷ്ണന്‍ എം.പി. ഉദ്ഘാടനം ചെയ്തു. അമ്മു സ്വാമിനാഥന്‍ വേദിയില്‍ നടന്ന ലൈവ് മെലഡിയും തുടര്‍ന്ന് ഷഹബാസ് അമന്‍ നയിച്ച ഗസല്‍ സന്ധ്യയും ആറാം ദിനത്തില്‍ അരങ്ങേറി.
മേളയുടെ ഏഴാം ദിനമായ ഇന്ന് (8-1-2026) രാവിലെ 11ന് സെമിനാറും ഉച്ചയ്ക്ക് രണ്ടിന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും നടക്കും. വൈകുന്നേരം നാലിന് തിരുവരങ്കന്‍ ഫോക്ക് അക്കാദമിയുടെ നാടന്‍പാട്ടും രവി വേണുഗോപാലിന്റെ സോളോ തബലയും അരങ്ങേറും. ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാത്രി ഏഴിന് ബിന്‍സിയും ഇമാമും നയിക്കുന്ന സംഗീതപരിപാടിയും നടക്കും.
മേളയില്‍ നിന്ന്



Prathinidhi Online