ന്യൂഡല്‍ഹി: ആസിഡ് ആക്രമണ കേസുകളിലെ പ്രതികള്‍ക്കുള്ള ശിക്ഷ കടുപ്പിക്കാത്തതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രതികളുടെ സ്വത്തുക്കള്‍ ലേലം ചെയ്യാത്തത് എന്താണെന്നും കോടതി ചോദിച്ചു. അതിജീവിതര്‍ക്ക് ശക്തമായ സാമ്പത്തിക പുനരധിവാസം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിലവിലെ ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരമായ 3 ലക്ഷം രൂപഇരകളുടെ ചികിത്സയ്ക്കും തുടര്‍ ജീവിതത്തിനും പര്യാപ്തമാകില്ലെന്നും ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാര പദ്ധതികള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. ആസിഡ് ആക്രമണങ്ങള്‍ ഹീനമായ കുറ്റകൃത്യങ്ങളാണ്. ഇവ തടയുന്നതിന് കഠിനമായ ശിക്ഷ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ആസിഡ് ആക്രമണത്തിലെ അതിജീവിതയും ബ്രേവ് സോള്‍സ് ഫൗണ്ടേഷന് സ്ഥാപകയുമായ ഷഹീന് മാലിക്കിന്റെ പൊതു താല്പര്യ ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ആണ് നിരീക്ഷണം നടത്തിയത്. 2016ലെ നിയമമനുസരിച്ച് ആസിഡ് ഏറുകള്ക്കിരയായ ആളുകളെ മാത്രമേ ഭിന്നശേഷിക്കാരായി പരിഗണിക്കുന്നുള്ളൂ. എന്നാല്‍ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കപ്പെട്ടവരെ നിയമം പരിരക്ഷിക്കുന്നില്ലെന്നും ഷഹീന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തന്നെ ആക്രമിച്ച കേസിലെ പ്രതികളെ കീഴ്ക്കോടതി വെറുതെ വിട്ടതായി ഷഹീന് മാലിക് കോടതിയെ അറിയിച്ചിരുന്നു. 26ാം വയസ്സില്‍ ആസിഡ് ആക്രമണത്തിനിരയായ താന്‍ 16 വര്‍ഷം നിയമ യുദ്ധം നടത്തേണ്ടി വന്നെന്നും ഷഹീന് കോടതിയില്‍ പറഞ്ഞിരുന്നു. ഉന്നത കോടതിയില്‍ ഷഹീന്റെ കേസ് വാദിക്കാന്‍ ഏറ്റവും നല്ല വക്കീലിനെ ലഭ്യാമാക്കുമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കി.
7 വര്‍ഷമായി തീര്‍പ്പാകാതെ കിടക്കുന്ന ഷഹീന്റെ കേസിലെ വാദം വേഗത്തിലാക്കാന്‍ കീഴ്ക്കോടതി സുപ്രീംകോടതിക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ആസിഡ് ആക്രമണങ്ങളെ കുറിച്ച് വര്‍ഷം തിരിച്ചുള്ള വിവരങ്ങള്‍ സുപ്രീംകോടതിക്ക് നല്‍കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നേരത്തേ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Prathinidhi Online