സംസ്ഥാന ശാസ്ത്രോത്സവത്തിനൊരുങ്ങി പാലക്കാട്: 8500 പ്രതിഭകള്‍ പങ്കെടുക്കും

പാലക്കാട്: നവംബര്‍ 7 മുതല്‍ 10 വരെ പാലക്കാട് നടക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. 14 ജില്ലകളില്‍ നിന്നായി 8500 ലധികം ശാസ്ത്ര പ്രതിഭകള്‍ നാല് ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി, പ്രവൃത്തി പരിചയം, വി.എച്ച്.എസ്.സി എക്‌സ്‌പോ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. രജിസ്ട്രേഷന്‍ നവംബര്‍ ഏഴിന് രാവിലെ പത്തിന് ഗവ. മോയന്‍സ് എച്ച്.എസ്.എസ്.സില്‍ നടക്കും. തുടര്‍ന്ന്, ശാസ്ത്രോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ ഏഴിന് വൈകുന്നേരം 4.30 ന് ഗവ. മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും.

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാകും. ആറ് വിദ്യാലയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ബി.ഇ.എം.എച്ച്.എസ്.എസില്‍ പ്രവൃത്തി പരിചയമേളയും, ഭാരത് മാതാ എച്ച്.എസ്.എസില്‍ ശാസ്ത്ര മേള, വൈ.ഐ.പി ശാസ്ത്രപഥം എന്നിവയും, ബിഗ് ബസാര്‍ എച്ച്.എസ്.എസില്‍ സോഷ്യല്‍ സയന്‍സ് മേളയും, ഒലവക്കോട് എം.ഇ.എസ് എച്ച്.എസ്.എസില്‍ ഗണിത മേളയും, കാണിക്കമാതാ എച്ച്.എസ്.എസില്‍ ഐ.ടി മേളയും, ചെറിയ കോട്ട മൈതാനം, സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കില്‍ ആന്‍ഡ് കരിയര്‍ ഫെസ്റ്റും നടക്കും. ഉദ്ഘാടനം, സമാപനം, വിനോദ കലാപരിപാടികള്‍, ശാസ്ത്ര സെമിനാര്‍, കരിയര്‍ സെമിനാര്‍ എന്നിവ ഗവ. മോയന്‍സ് എച്ച്.എസ്.എസ്.ലായിരിക്കും. സ്പെഷ്യല്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വി.എച്ച്.എസ്.സി എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. എല്ലാ ദിവസവും രാവിലെ 9.30-ന് മത്സരങ്ങള്‍ ആരംഭിക്കും. മൂല്യനിര്‍ണ്ണയത്തിന് ശേഷം വൈകുന്നേരം മൂന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കുവാനും അവസരമുണ്ട്.

ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ സമാപനം നവംബര്‍ പത്ത് തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ന് ഗവ. മോയന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കും. വിജയികള്‍ക്കുള്ള 700-ഓളം വ്യക്തിഗത ട്രോഫികളും 100-ഓളം അഗ്രഗേറ്റ് ട്രോഫികളും ഗവ. മോയന്‍സ് എച്ച്.എസ്.എസ് സ്‌കൂളില്‍ വിതരണം ചെയ്യും. വിനോദ പരിപാടികളുടെ ഭാഗമായി നവംബര്‍ എട്ട്, ഒന്‍പത് തീയതികളിലായി ഗവ. മോയന്‍സ് എച്ച്.എസ്.എസ്.ല്‍ പഞ്ചാരി മേളം, ക്ലാസിക്കല്‍ ഡാന്‍സ്, മ്യൂസിക്ക് ഫ്യൂഷന്‍, ഗസല്‍ സന്ധ്യ, മാപ്പിള പാട്ട് തുടങ്ങിയ കലാപരിപാടികളും 9-ന് ബി.ഇ.എം. എച്ച്.എസ്.എസില്‍ രാവിലെ 10 മണി മുതല്‍ സ്ട്രീറ്റ് മാജിക് ഷോയും നടക്കും. വിദ്യാഭ്യാസ വകുപ്പ്, കെ-ഡിസ്‌ക്, എസ്.എസ്.കെ എന്നീ ഏജന്‍സികള്‍ സംയുക്തമായി നടപ്പിലാക്കുന്ന യങ് ഇന്നവേഴ്സ് പ്രോഗ്രാമിന്റെ (വൈ.ഐ.പി) ഭാഗമായുള്ള ശാസ്ത്രപഥം ഭാരത് മാതാ എച്ച്.എസ്.എസ്.ല്‍ വെച്ച് നടക്കും. സംസ്ഥാന വിജയികളായ 23 ടീമുകളുടെ ആശയങ്ങളും പ്രോട്ടോടൈപ്പുകളും ഇവിടെ പ്രദര്‍ശിപ്പിക്കും.

ശാസ്ത്രോത്സവം നടക്കുന്ന നാല് ദിവസങ്ങളിലും നാല് നേരം ഭക്ഷണ വിതരണം ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. പാലക്കാട് വിക്ടോറിയ കോളേജ് മൈതാനത്താണ് ഊട്ടുപുര സജ്ജീകരിച്ചിരിക്കുന്നത്. 1000 പേര്‍ക്ക് ഇരിക്കാവുന്ന വിധത്തിലാണ് ഊട്ടുപുര തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ മത്സരങ്ങള്‍ നടക്കുന്ന ആറ് വിദ്യാലയങ്ങളിലും ഭക്ഷണ വിതരണമുണ്ടാകും. ഒരു സമയം പരമാവധി 8000 പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കും. വിതരണത്തിനായി 300 അധ്യാപകര്‍ നേതൃത്വം നല്‍കും. താമസ സൗകര്യങ്ങള്‍ക്കായി ആണ്‍കുട്ടികള്‍ക്ക് മോഡല്‍ എച്ച്.എസ് പേഴുംകര, കണ്ണാടി എച്ച്.എസ്.എസ്, ലയണ്‍സ് കൊപ്പം, ജി.എം.എച്ച്.എസ്.എസ് തിരുവാലത്തൂര്‍ എന്നിവിടങ്ങളിലും, പെണ്‍കുട്ടികള്‍ക്ക് കാണിക്കമാതാ എച്ച്.എസ്.എസ്, സെന്റ് തോമസ് ഒലവക്കോട്, സെന്റ് സെബാസ്റ്റ്യന്‍ അരിക്കാരത്തെരുവ് എന്നിവിടങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സെന്റ് തോമസ് ഒലവക്കോട് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. താമസ സൗകര്യം ഇന്ന് (നവംബര്‍ ആറ്) വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ഓരോ വേദികളിലും ഡോക്ടര്‍ ഉള്‍പ്പെടുന്ന ഓരോ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആംബുലന്‍സ്, കുടിവെള്ളം, ശൗചാലയം എന്നിവയും ആവശ്യാനുസരണം തയ്യാറാക്കിയിട്ടുണ്ട്.

സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റുമായി ബന്ധപ്പെട്ട് നവംബര്‍ എട്ട്, ഒന്‍പത് തീയതികളിലായി കരിയര്‍ ഫെസ്റ്റും, കരിയര്‍ സെമിനാറും നടക്കും. പതിനാറോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നവംബര്‍ എട്ടിന് ചെറിയ കോട്ട മൈതാനത്താണ് കരിയര്‍ ഫെസ്റ്റ്. നവംബര്‍ ഒന്‍പതിന് രാവിലെ പത്തിന് ഗവ. മോയന്‍സ് എച്ച്.എസ്.എസ്.ല്‍ വെച്ച് കരിയര്‍ സെമിനാറും നടക്കും. കേരള ഹയര്‍ സെക്കന്ററി കരിയര്‍ ഫാക്കല്‍റ്റിയും കൗണ്‍സിലറുമായ കെ പി ലുഖ്മാന്‍ ക്ലാസ് നയിക്കും.

പൊതുവിദ്യഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ടി.എ സന്തോഷിന്റെ നേതൃത്വത്തില്‍ സംഘാടക സമിതി വാര്‍ത്താസമ്മേളനം നടത്തുന്നു

ക്രമസമാധാന പാലനത്തിനായി എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് തുടങ്ങിയ യൂണിറ്റുകളിലെ കേഡറ്റുമാര്‍ ഉള്‍പ്പെടെ 2250 വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ശാസ്ത്രോത്സവത്തിന്റെ സുവനീറും പുറത്തിറക്കുന്നുണ്ട്. ഇതിലേക്കുള്ള കവര്‍ ചിത്രം ചിത്രരചനാ മത്സരത്തിലൂടെ തിരഞ്ഞെടുക്കും. സുവനീറിലേക്ക് സ്‌കൂള്‍, കോളേജ്, യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്ന് രചനകള്‍ ക്ഷണിച്ചിട്ടുണ്ട്.

പാലക്കാട് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ടി.എ സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം സലീന ബീവി, പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ഷാബിറ, ജില്ലാ പഞ്ചായത്ത് അംഗം പി. മൊയ്തീന്‍കുട്ടി, ശാസ്ത്രമേള മീഡിയ കമ്മിറ്റി കണ്‍വീനര്‍ എ. ഹനീഫ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.എന്‍ വിനോദ്, എന്‍.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.മുഹമ്മദ് അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …