പേരാമ്പ്രയിലെ സംഘര്‍ഷം; ഷാഫി പറമ്പിലിന്റെ മൂക്കിന്റെ എല്ലിനു 2 പൊട്ടല്‍, ശസ്ത്രക്രിയ പൂര്‍ത്തിയായി, സംസ്ഥാന വ്യാപക പ്രതിഷേധം

കോഴിക്കോട് :പേരാമ്പ്ര സികെജി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പൊലീസിന്റെ മര്‍ദനത്തില്‍ പരുക്കേറ്റ ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിലെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഷാഫിയുടെ മൂക്കിന്റെ എല്ലിനു രണ്ടു പൊട്ടലുണ്ട്. പൊലീസ് മര്‍ദനത്തില്‍ പത്തോളം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്. 3 മണിക്ക് പേരാമ്പ്രയില്‍ പ്രതിഷേധ സംഗമം നടക്കും.

ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, എന്‍എസ്യു മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം.അഭിജിത്ത്, കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് തുടങ്ങിയവരും പരുക്കേറ്റവരില്‍ പെടും. കയ്യിലിരുന്ന് കണ്ണീര്‍വാതക ഗ്രനേഡ് പൊട്ടി വടകര ഡിവൈഎസ്പി സി.ഹരിപ്രസാദിനു പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് രാത്രിയില്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു.

പേരാമ്പ്രയിലെ എല്‍ഡിഎഫ്-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഇരു വിഭാഗം പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നതിനാണ് ഷാഫി പറമ്പിലിനെതിരെ കേസ്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും കല്ലെറിഞ്ഞ് പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും എഫ്‌ഐആറിലുണ്ട്. കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരെയും കേസെടുത്തു.

30 വര്‍ഷത്തിനുശേഷം സികെജി കോളജ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെഎസ്യു വിജയിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച പേരാമ്പ്രയില്‍ എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് ഇന്നലെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഹര്‍ത്താലിനിടെ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദിനു പരുക്കേറ്റു. തുടര്‍ന്ന് വൈകിട്ട് എല്‍ഡിഎഫും യുഡിഎഫും പ്രകടനം നടത്തിയതോടെ ഇരുവിഭാഗങ്ങളെയും പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഏഴു തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. രാത്രി കോഴിക്കോട്ടും കുറ്റ്യാടിയിലും നാദാപുരത്തുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുഡിഎഫ് പ്രതിഷേധപ്രകടനം നടത്തി. ഷാഫിയെ ആക്രമിച്ചത് സിപിഎം ക്രിമിനലുകളും സിപിഎമ്മിനു വേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന പൊലീസും ചേര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.

 

comments

Check Also

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് …