ഷൊര്‍ണൂര്‍: കണ്ടവര്‍ ആകെ അമ്പരന്നു. ഇത് എയര്‍പോര്‍ട്ടാണോ അതോ വല്ല റിസോര്‍ട്ടുമോ? ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ മുന്‍കവാടത്തില്‍ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ലൈറ്റുകള്‍ തെളിഞ്ഞപ്പോള്‍ ആളുകളില്‍ ചിലരെങ്കിലും ചെറുതായൊന്ന് അമ്പരന്നു. ഈ അമ്പരപ്പ് പലരും സമൂഹ മാധ്യമങ്ങളിലും ഷെയര്‍ ചെയ്തതോടെ മോടിപിടിപ്പിച്ച ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കവാടം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി.
വള്ളുവനാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം ട്രോള്‍ തുടങ്ങിയ പേജുകളില്‍ സ്റ്റേഷന്റെ വീഡിയോകള്‍ ഹിറ്റായി മാറി. രാത്രികാല ഫോട്ടോഷൂട്ടിനും മറ്റുമായി സ്‌റ്റേഷന്‍ തിരഞ്ഞെടുക്കുന്നവരും കൂടി വരികയാണ്. കവാടത്തിന്റെ രണ്ട് വശങ്ങളിലായും പൂന്തോട്ടവും എയര്‍പോര്‍ട്ട് മാതൃകയിലുള്ള വാഹന ട്രാക്കുകളും വര്‍ണ ലൈറ്റുകളും എല്ലാം കൂടിയാകുമ്പോള്‍ സംഗതി കളറായി. സെപ്തംബര്‍ 30ഓടെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ നിര്‍ദേശം.
സ്റ്റേഷന്റെ നാലാമത്തെ പ്ലാറ്റ്‌ഫോമിലും മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് പൂക്കളുടെ ഭംഗി ആസ്വദിച്ച് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. ഒക്ടോബര്‍ 2നാണ് നവീകരിച്ച റെയില്‍വേ സ്‌റ്റേഷന്റെ ഉദ്ഘാടനം.
Prathinidhi Online