പാലക്കാട്: ബീഹാറിനു പിന്നാലെ കേരളമടക്കമുള്ള 9 സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) ഇന്ന് തുടക്കമാകും. സംസ്ഥാനങ്ങള്‍ക്ക് പുറമേ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആറിന് ഇന്ന് തുടക്കമാകും. 51 കോടി വോട്ടര്‍മാരാണ് ഇവിടങ്ങളിലുള്ളത്. മൂന്നുമാസം നീളുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയ 2026 ഫെബ്രുവരി 7ന് പൂര്‍ത്തിയാകും. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികയാണ് പരിഷ്‌കരിക്കുന്നത്.
ബൂത്തുതല ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വീടുകള്‍ കയറി എന്യൂമറേഷന്‍ ഫോറം പൂരിപ്പിക്കും. എന്യൂമറേഷന്‍ പ്രക്രിയ ഡിസംബര്‍ 4വരെ നടക്കും.ഡിസംബര്‍ 9നാണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. കരട് വോട്ടര്‍ പട്ടികയിന്മേല്‍ ഒരുമാസം ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കാം. 2026 ഫെബ്രുവരി 7ന് എസ്‌ഐആര്‍ പൂര്‍ത്തിയാകും. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ഒമ്പതാമത്തെ എസ്‌ഐആര്‍ ആണ് ഇത്തവണത്തേത്. 2002-04 കാലത്തായിരുന്നു അവസാനമായി എസ്‌ഐആര്‍ നടന്നത്.
കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എസ്‌ഐആര്‍. എന്നാല്‍ ഇതേ സമയത്ത് തിരഞ്ഞെടുപ്പ് നടക്കാനുള്ള ആസാമിനെ എസ്‌ഐആറില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിനായി പ്രത്യേക ഉത്തരവിറക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുന്നത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അസമില്‍ പൗരത്വ പരിശോധന പ്രക്രിയ നടന്നുവരുന്നുണ്ട്.
Prathinidhi Online