കൊച്ചി: മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ ശ്രീനിവാസന് നാട് വിടനല്‍കി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലായിരുന്നു ചടങ്ങുകള്‍. മകന്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാകട്ടെ എന്നെഴുതിയ പേപ്പറും പേനയും ഭൗതികദേഹത്തില്‍ വച്ചാണ് ചിതയ്ക്ക് തീകൊളുത്തിയത്. അദ്ദേഹത്തിന്റ പ്രിയ സുഹൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാടാണ് ഒരുവരി മാത്രം കുറിച്ച കുറിപ്പ് ശ്രീനിയുടെ ഭൗതിക ശരീരത്തില്‍ വച്ചത്.
വികാര നിര്‍ഭരമായ യാത്രയപ്പായിരുന്നു ശ്രീനിവാസന്. അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയ ശേഷം മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്താണ് ധ്യാന്‍ ശ്രീനിവാസന്‍ അദ്ദേഹത്തെ യാത്രയാക്കിയത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. രാവിലെ 10 മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നെങ്കിലും ആളുകളുടെ തിരക്കു കാരണം ചടങ്ങുകള്‍ 11 മണി കഴിഞ്ഞാണ് തുടങ്ങാനായത്.
48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനാണ് തിരശ്ശീല വീണത്. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹത്തെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും് അന്ത്യം സംഭവിക്കുകയായിരുന്നു. 5 തവണ കേരള സംസഅഥാന ചലച്ചിത്ര പുരസ്‌കാരവും രണ്ട് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്.
Prathinidhi Online