പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സമ്മതിദായകനും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ഓരോ വോട്ടുകൾ വീതം മൂന്ന് വോട്ടുകളാണുള്ളത്. നഗരസഭാ തലത്തില്‍ ഒരു വോട്ടാണ് രേഖപ്പെടുത്തേണ്ടത്. വോട്ട് ചെയ്യുന്നതിനായി പോളിങ് ബൂത്തില്‍ സജ്ജീകരിച്ച കംപാര്‍ട്ട്മെന്റിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പ്രിസൈഡിങ്ങ് ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റ് വഴി ബാലറ്റ് യൂണിറ്റ് വോട്ട് ചെയ്യുന്നതിനായി സജ്ജമാക്കും. വോട്ട് രേഖപ്പെടുത്താനായി, ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തുക.
ബട്ടണ്‍ അമര്‍ത്തിയ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥിയുടെ പേരിന് അല്ലെങ്കില്‍ ചിഹ്നത്തിന് നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും. ഉടനെ ബാലറ്റ് യൂണിറ്റിന് സമീപം വെച്ചിരിക്കുന്ന വിവിപാറ്റ് (വി വി പാറ്റ്) മെഷീനിലെ വിന്‍ഡോയിലൂടെ ഒരു സ്ലിപ്പ് പ്രിന്റ് ചെയ്തു വരുന്നത് കാണാം. നിങ്ങള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ ഈ സ്ലിപ്പില്‍ വ്യക്തമായി അച്ചടിച്ചിട്ടുണ്ടാകും. ഏഴ് സെക്കന്റ് നേരം മാത്രമേ ഈ സ്ലിപ്പ് കാണാന്‍ സാധിക്കുകയുള്ളൂ എന്നത് വോട്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം സ്ലിപ്പ് വിവിപാറ്റ് ബോക്‌സിലേക്ക് വീഴുകയും ഒരു ബീപ്പ് ശബ്ദം കേള്‍ക്കുകയും ചെയ്യും. എന്നാല്‍, ബട്ടണ്‍ അമര്‍ത്തിയിട്ടും ബാലറ്റ് അച്ചടിച്ച സ്ലിപ്പ് കാണാതിരിക്കുകയോ, ബീപ്പ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ വോട്ടര്‍മാര്‍ ഉടനെ പ്രിസൈഡിങ് ഓഫീസറെ വിവരം അറിയിക്കണം.
Prathinidhi Online