തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജില്ലയ്ക്ക് ഓവറോള്‍ കിരീടം. ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ജില്ലയ്ക്ക് സമ്മാനിച്ചു. 1825 പോയിന്റാണ് തിരുവനന്തപുരത്തിന്. സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടുന്ന നിര്‍ധനരായ കായിക പ്രതിഭകള്‍ക്ക് 50 വീടുകള്‍ വെച്ചു നല്‍കാനുള്ള പൊതുവിദ്യഭ്യാസ വകുപ്പിന്റെ തീരുമാനത്തെ ഗവര്‍ണര്‍ ചടങ്ങില്‍ അനുമോദിച്ചു. 892 പോയിന്റ് നേടിയ തൃശൂര്‍ രണഅടാമതും 859 പോയിന്റോടെ കണ്ണൂര്‍ മൂന്നാമതുമെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ തോല്‍പ്പിച്ച് മലപ്പുറം വീണ്ടും അത്‌ലറ്റിക്‌സ് കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായി രണ്ടാം തവണയാണ് മലപ്പുറം അത്‌ലറ്റിക്‌സ് കിരീടം ചൂടുന്നത്. ചടങ്ങില്‍ വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍, വീണാ ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു.
അത്‌ലറ്റിക്‌സിലെ 17 മീറ്റ് റെക്കോര്‍ഡുകള്‍ അടക്കം 34 പുതിയ റെക്കോര്‍ഡുകളാണ് മേളയില്‍ പിറന്നത്. മികച്ച സ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസാണ് ഒന്നാമതെത്തിയത്. പാലക്കാട് വടവന്നൂര്‍ വി.എം.എച്ച്.എസ് രണ്ടാമതും മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. മികച്ച സ്‌പോര്‍ട്‌സ് സ്‌കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ചാമ്പ്യന്മാരായി. കൊല്ലം സായിയും വയനാട് സി.എച്ച്.എസും രണ്ടാംസ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം തലശ്ശേരി സായിയും കോതമംഗലം എം.എ കോളജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലും പങ്കിട്ടു.
അത്‌ലറ്റിക്‌സില്‍ പാലക്കാടും മലപ്പുറവും തമ്മില്‍ കപ്പിനുള്ള മത്സരമാണ് അവസാന ദിവസം കണ്ടത്. സീനിയര്‍ റിലേ മത്സരത്തിന് മുന്‍പ് പാലക്കാടിനായിരുന്നു മുന്‍തൂക്കം. അത്‌ലറ്റിക്‌സിലെ അവസാന പോരാട്ടമായ സീനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും റിലേയില്‍ പാലക്കാടിനെ പരാജയപ്പെടുത്തി സ്വര്‍ണം കരസ്ഥമാക്കി മലപ്പുറം അത്‌ലറ്റിക്‌സില്‍ ആധിപത്യം ഉറപ്പിച്ചത്.
20000 ത്തോളം കുട്ടികള്‍ പങ്കെടുത്ത കേരളത്തിന്റെ കൗമാര ഒളിമ്പിക്‌സിനാണ് ഇന്ന് തിരശ്ശീല വീണത്. അടുത്ത വര്‍ഷം കണ്ണൂരാണ് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുക.
Prathinidhi Online