തെരുവുനായ നിയന്ത്രണത്തില്‍ വീഴ്ച പറ്റി; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: തെരുവുനായ ശല്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ച് സുപ്രീംകോടതി. വിഷയത്തില്‍ സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ 3ന് നേരിട്ട് ഹാജരാകണമെന്നുമാണ് നിര്‍ദേശം. തെരുവുനായ ശല്യം ഇല്ലാതാക്കാനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നടപ്പിലാക്കാനെടുത്ത നടപടിക്രമങ്ങളെ കുറിച്ച് കോടതി നേരത്തേ സംസ്ഥാനങ്ങളോട് സത്യവാങ്മൂലം തേടിയിരുന്നു. എന്നാല്‍ തെലങ്കാന, ബംഗാള്‍ സംസ്ഥാനങ്ങള്‍ മാത്രമാണ് മറുപടി നല്‍കിയത്. ഇതിനു പുറമേ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും മറുപടി നല്‍കിയിരുന്നു. ഈ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ ഒഴികെ ബാക്കിയുള്ളവര്‍ ഹാജരാകാനാണ് നിര്‍ദേശം.

ഓഗസ്റ്റ് 22നാണ് സംസ്ഥാനങ്ങളോട് കോടതി സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ചത്. തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. ‘സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. വിദേശരാജ്യങ്ങളുടെ മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ന്നതായി ചിത്രീകരിക്കപ്പെടുന്നു. ഞങ്ങളും വാര്‍ത്തകള്‍ വായിക്കുന്നുണ്ട്’ എന്നായിരുന്നു കോടതി കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞത്. ജസ്റ്റിസ് വിക്രംനാഥ് ആണ് കേസ് പരിഗണിച്ചത്.

അതേസമയം ഡല്‍ഹി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം പിഴ ചുമത്തുകയും നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും കോടതി വ്യക്തമാക്കി.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …