പാലക്കാട്: ഇ വേസ്റ്റില്‍ നിന്നും വൈദ്യുതി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയുമായി വിദ്യാര്‍ത്ഥികള്‍. സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ സ്‌കില്‍ ആന്‍ഡ് കരിയര്‍ ഫെസ്റ്റിലാണ് ശ്രദ്ധേയമായ പ്രൊജക്റ്റ് അവതരിപ്പിച്ചത്. അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ബിച്ചു സാജു, ആദിനാദ്, നിരോഷന്‍ എന്നിവരാണ് പ്രോജക്റ്റിന് പിന്നില്‍.
ഉപയോഗശൂന്യമായ റഫ്രിജറേറ്റര്‍, ഫാന്‍, മറ്റു ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ വേര്‍തിരിച്ച് നിര്‍മ്മിച്ച പാഡ് ഇന്‍സിനറേറ്റര്‍, സോളാര്‍ ഡ്രയര്‍, ട്രാന്‍സ്‌ഫോമര്‍ എന്നിവയും എല്‍ഇഡി സ്‌ക്രോളിങ് ബോര്‍ഡുകളും ആണ് മേളയില്‍ ഇവര്‍ അവതരിപ്പിച്ചത്. എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി എല്‍ഇഡി സ്‌ക്രോളിങ് ബോര്‍ഡുകള്‍ നിര്‍മ്മിച്ചിരുന്നു. മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചതിന് ഇടുക്കി ജില്ലാ കളക്ടറുടെ പ്രശംസ പത്രം നേടിയ വിദ്യാര്‍ത്ഥികളാണ് ബിച്ചുവും ആദിനാദും.
Prathinidhi Online