സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ എസ്ഐക്ക് സസ്പെൻഷൻ


കൊച്ചി: സ്പാ ജീവനക്കാരിയുടെ മാല മോഷ്ടിച്ചെന്നും ഇത്‌ ഭാര്യയെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി സിപിഒയുടെ പണം തട്ടിയ കേസിൽ എസ്ഐക്ക് സസ്പെൻഷൻ. കേസിലെ ഒന്നാം പ്രതിയായ പാലാരിവട്ടം സ്റ്റേഷൻ എസ്‌ഐ കെ കെ ബൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. എസ്‌ഐ ഉൾപ്പെട്ട സംഘം പൊലീസുകാരനിൽനിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പാലാരിവട്ടം റോയൽ വെൽനസ് സ്പാ നടത്തിപ്പുകാരൻ ഷിഹാം, ജീവനക്കാരി രമ്യ എന്നിവരാണ് മറ്റ് പ്രതികൾ.

സെപ്തംബർ എട്ടിന് വൈകിട്ട് 5.30നാണ്‌ പൊലീസുകാരൻ സ്പായിൽ എത്തിയത്. പിറ്റേന്ന് രാവിലെ പത്തോടെ പൊലീസുകാരനെ സ്പായിലെ ജീവനക്കാരി രമ്യ ഫോണിൽ വിളിച്ചു. മസാജ് ചെയ്യുന്നതിനിടെ താൻ മാല ഊരിവച്ചിരുന്നെന്നും അത് തിരികെനൽകണമെന്നും അല്ലെങ്കിൽ ആറരലക്ഷം രൂപ കൈമാറണമെന്നും ആവശ്യപ്പെട്ടു. മാല എടുത്തിട്ടില്ലെന്നും വേണമെങ്കിൽ പരാതി നൽകാനും പൊലീസുകാരൻ പറഞ്ഞു. പൊലീസുകാരൻ മാല മോഷ്ടിച്ചുവെന്ന ആരോപണത്തിൽ ഉറച്ചുനിന്ന രമ്യ, പിറ്റേന്ന്‌ പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി നൽകി.

ഇതിനിടെ, രണ്ടാംപ്രതി ഷിഹാം പൊലീസുകാരനെ ഫോണിൽ വിളിച്ച്‌, സ്പായിൽ വന്നതും മാല മോഷ്ടിച്ചതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ നാലുലക്ഷം രൂപ പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബൈജു മുഖേന പ്രതികൾക്ക് കൈമാറിയെന്നാണ് പൊലീസുകാരന്റെ മൊഴി. സ്പായിലെ മാല മോഷണക്കേസ്‌ പെട്ടെന്ന് ഒത്തുതീർന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവരുടെ അന്വേഷണത്തിലാണ് എസ്‌ഐയുൾപ്പെട്ട് കേസ് ഒത്തുതീർത്തത് പുറത്തുവന്നത്.

വിശദ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ്‌ ചില സ്‌പാ നടത്തിപ്പുകാരുമായി ഇടപാടുകൾ നടത്തിയതിന്‌ കെ കെ ബൈജുവിനെതിരെ വകുപ്പുതല അന്വേഷണം നടന്നുവരികയാണ്‌.

comments

Check Also

ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു

ചെന്നൈ: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു ചോദ്യം …