‘ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിന് മര്‍ദ്ദിച്ചു’ ; കോട്ടയത്ത് 5ാം ക്ലാസുകാരന് അധ്യാപകന്റെ മര്‍ദ്ദനം; തോളെല്ലിന് പൊട്ടല്‍

കോട്ടയം: ‘ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിന് അധ്യാപകന്‍ മര്‍ദ്ദിക്കുകയായിരുന്നു. തോളില്‍ ഇടിക്കുകയും കയ്യില്‍ പിച്ചുകയും ചെയ്തു’ . ഈരാറ്റുപേട്ടയില്‍ അധ്യാപകന്റെ മര്‍ദ്ദനത്തിനിരയായ കുട്ടിയുടെ മൊഴിയാണിത്. കഴിഞ്ഞ ദിവസമാണ് സംഭവം. നടക്കല്‍ സ്വദേശി സക്കീറിന്റെ മകന്‍ മിസ്ബായെ ആണ് കുട്ടിയുടെ സ്‌കൂളിലെ അധ്യാപകനായ സന്തോഷിന്റെ മര്‍ദ്ദനത്തിനിരയായത്. കുട്ടി ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ടെന്ന് മാതാപിതാക്കള്‍ അറിയിച്ചു.

കുട്ടിയെ മര്‍ദ്ദിച്ച ശേഷം അധ്യാപകന്‍ കുട്ടിയെ ക്ലാസില്‍ നിന്നും പുറത്തുവിട്ടിരുന്നില്ല. സഹപാഠി അധ്യാപകന്റെ പ്രവൃത്തി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയേയും അധ്യാപകന്‍ ശകാരിച്ചതായി മിസ്ബാ പറയുന്നു. സ്‌കൂള്‍ വിട്ടശേഷം കുട്ടി വീട്ടിലെത്തിയപ്പോഴാണ് അപകട വിവരം മാതാപിതാക്കള്‍ അറിയുന്നത്. കുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയതെന്ന് മാതാവ് പറയുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അധ്യാപകനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറി പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിച്ചു എന്ന് കണ്ടെത്തിയതായും സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ ആദ്യഘട്ടത്തില്‍ എടുക്കുമെന്നും മാനേജ്‌മെന്റ് പറയുന്നു. അധ്യാപകനെതിരെ സ്‌കൂള്‍ പിടിഎയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …