തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തളിക്കുളം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കള്ളവോട്ട് നടന്നതായി പരാതി. മൊഹ്സിന എന്നയാൾ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തൻ്റെ വോട്ട് മറ്റൊരാൾ നേരത്തേ ചെയ്തതായി അറിയുന്നത്. പോളിങ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്.
ബൂത്ത് നമ്പർ 2-ലാണ് സംഭവം. അറക്കവീട്ടിൽ സക്കീറിൻ്റെ ഭാര്യയായ മൊഹ്‌സിന രാവിലെ എട്ടരയോടെ വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തി. എന്നാൽ, അതിന് മുമ്പ് തന്നെ ഇവരുടെ വോട്ട് മറ്റൊരു വ്യക്തി ചെയ്ത് മടങ്ങിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തെ തുടർന്ന് ബൂത്തിൽ ഏറെനേരം അനിശ്ചിതത്വം നിലനിന്നു. പോളിങ് ഉദ്യോഗസ്ഥർ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിൽ കുറ്റകരമായ അനാസ്ഥ വരുത്തിയെന്നും ആരോപണമുണ്ട്.
മൊഹ്‌സിനക്ക് ബാലറ്റ് പേപ്പർ നൽകി ‘ടെൻഡേർഡ് വോട്ട്’ രേഖപ്പെടുത്താൻ അവസരം നൽകി. ഈ വോട്ട് പ്രത്യേകം കവറിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വോട്ട് ലഭിച്ച രണ്ട് സ്ഥാനാർഥികൾക്ക് തുല്യ വോട്ടുകൾ ലഭിക്കുകയാണെങ്കിൽ മാത്രമേ ഈ കവറിലുള്ള വോട്ട് എണ്ണുകയുള്ളൂ.
തദ്ദേശ തെരഞ്ഞെടുപ്പിൽ തളിക്കുളം മേഖലയിൽ കള്ളവോട്ട് സംഭവം ആവർത്തിക്കുകയാണ്. 2020-ലെ തെരഞ്ഞെടുപ്പിൽ തളിക്കുളം 13-ാം വാർഡിലും സമാനമായ രീതിയിൽ കള്ളവോട്ട് നടന്നിരുന്നു.
Prathinidhi Online