യാത്രക്കാരന് നെഞ്ചുവേദനയെന്ന് അറിയിച്ചിട്ടും ട്രെയിന്‍ നിര്‍ത്തിയില്ല; സ്റ്റേഷനിലെത്തിയപ്പോള്‍ ആംബുലന്‍സുമില്ല; യുവാവിന് പ്ലാറ്റ്‌ഫോമില്‍ ദാരുണാന്ത്യം

തൃശൂര്‍: നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിന് ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്തിനാണ് (26) കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് മൂലം ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച രാത്രി മുംബൈ – എറണാകുളം ഓഖ എക്‌സ്പ്രസിലാണ് സംഭവം. ട്രെയിനില്‍ തൃശ്ശൂരിലേക്ക് വരുന്നതിനിടയില്‍ ഷൊര്‍ണ്ണൂര്‍ പിന്നിട്ടപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീജിത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ടിടിഇയെ അറിയിച്ചെങ്കിലും തൊട്ടടുത്ത വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയില്ല. ശ്രീജിത്തിനെ മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയെങ്കിലും ആംബുലന്‍സ് ലഭിക്കാന്‍ അരമണിക്കൂറോളം വൈകി.

ആംബുലന്‍സ് വരുന്നതുവരെ യുവാവിനെ പ്ലാറ്റ്‌ഫോമില്‍ കിടത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കാനുള്ള ഒരു സൗകര്യവും സ്‌റ്റേഷനില്‍ ചെയ്തില്ലെന്നാണ് വീട്ടുകാരുടെ ആക്ഷേപം. സ്റ്റേഷനില്‍ വച്ച് യുവാവിന് നെഞ്ചുവേദന രൂക്ഷമാവുകയും പ്ലാറ്റ്‌ഫോമില്‍ തന്നെ മരണം സംഭവിക്കുകയുമായിരുന്നു. പിന്നീട് ലഭിച്ച ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പറിലടക്കം ബന്ധപ്പെട്ടിരുന്നെന്ന് ശ്രീജിത്തിന്റെ ബന്ധുക്കള്‍ പറയുന്നു. അടിയന്തരമായി ആംബുലന്‍സിന്റെ സഹായം ലഭിച്ചിരുന്നെങ്കില്‍ മകന്റെ ജീവന്‍ രക്ഷപ്പെടുത്താനായേനെ. ഞങ്ങള്‍ പരാതിയുമായി പോകുന്നില്ല. ഇനിയൊരാള്‍ക്കും ഇതുപോലൊരു അവസ്ഥയുണ്ടാകരുതെന്നും ശ്രീജിത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ആയൂര്‍വേദ തെറാപ്പിസ്റ്റാണ് മരിച്ച ശ്രീജിത്ത്.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …