കല്‍പ്പറ്റ: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. പുല്‍പ്പള്ളി വണ്ടിക്കടവ് ദേവര്‍ഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമൻ മാരൻ ആണ് മരിച്ചത്. സഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. മാരനെ കടുവ ഉൾക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പുഴയരികത്ത് നിന്ന് കൂമനെ വലിച്ചിഴച്ച് ഉൾക്കാട്ടിലേക്ക് കടുവ കൊണ്ടുപോകുകയായിരുന്നു.
ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ മാരനെ കാണാൻ ഉണ്ടായിരുന്നില്ലെന്ന് കൂടെ ഉണ്ടായിരുന്ന സഹോദരി പറയുന്നു. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു. ജനവാസ മേഖലയിൽ കടുവ സ്ഥിരം സാന്നിധ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് മതിയായ ജാഗ്രത സ്വീകരിച്ചില്ലെന്നും കുറച്ചുദിവസം മുൻപ് പ്രദേശത്ത് കടുവ പോത്തിനെ ആക്രമിച്ചിരുന്നെന്ന് നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്ത് വന്‍ പ്രതിഷേധം നടക്കുകയാണ്. മൃതദേഹം സ്ഥലത്തുനിന്ന് നീക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
Prathinidhi Online