വടക്കാഞ്ചേരി: മൂന്നുമാസത്തിനിടെ മണ്ണുത്തി- വടക്കാഞ്ചേരി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന 50ഓളം ലോറികളില്‍ നിന്നാണ് അന്ത:സംസ്ഥാന മോഷണ സംഘം ഡീസല്‍ മോഷ്ടിച്ചത്. വലിയ തയ്യാറെടുപ്പുകള്‍ക്ക് ശേഷം മോട്ടോറും ലോറിയും ആയുധങ്ങളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സംഘം അതിവിദഗ്ദമായി ഡീസല്‍ മോഷ്ടിച്ചിരുന്നത്. പോലീസിന്റെ പട്രോളിങിന്റെയും ലോറി തൊഴിലാളികളുടേുയും കണ്ണുവെട്ടിച്ചാണ് സംഘം ഇത്രയും കാലം മോഷണം നടത്തിയത്. വടക്കാഞ്ചേരി പോലീസ് സംഘത്തെ അതിസാഹസികമായി കഴിഞ്ഞ ദിവസം പിടികൂടിയതോടെയാണ് മോഷണത്തിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്.
റോഡരികില്‍ ഭക്ഷണം കഴിക്കാനോ മറ്റാവശ്യങ്ങള്‍ക്കോ ലോറി നിര്‍ത്തിയിട്ട് ആളുകള്‍ പോകുന്ന സമയങ്ങളിലായിരുന്നു മോഷണം. മോഷണത്തിനായി അധികവും ലക്ഷ്യമിട്ടത് ദീര്‍ഘദൂര വാഹനങ്ങളേയും. തിരിച്ചുവന്ന് വാഹനം സ്റ്റാര്‍ട്ട് ആക്കുമ്പോഴോ കുറച്ചുദൂരം ഓടിയതിന് ശേഷമോ ആകും പലപ്പോഴും ഡീസല്‍ മോഷ്ടിക്കപ്പെട്ടത് തൊഴിലാളികള്‍ അറിയുക. അതിവിദഗ്ദമായി സംഘമായെത്തിയാണ് മോഷ്ടാക്കള്‍ മോഷണം നടത്തി തിരിച്ചുപോയിരുന്നത്. വലിയ മോട്ടോറും പമ്പുകളും ഉള്‍പ്പെടെയുള്ള മാരകായുുധങ്ങളും ഉപയോഗിച്ചായിരുന്നു മോഷണം.
മോഷണത്തിന്റെ രീതി
പ്രത്യേകം തയ്യാറാക്കിയ ലോറിയുമായാണ് മോഷ്ടാക്കള്‍ എത്തുക. ലോറിയുടെ വലതുവശത്ത് ഘടിപ്പിച്ച 1200 ലിറ്റര്‍ ശേഷിയുള്ള ടാങ്കിലാണ് മോഷ്ടിച്ച ഡീസല്‍ സൂക്ഷിക്കുന്നത്. ടാങ്ക് ശ്രദ്ധയില്‍ പെടാതിരിക്കാനായി ഇരുമ്പു പൈപ്പുകളുടെ ഫ്രെയിം ഉപയോഗിച്ച് ടാങ്ക് മറച്ചിരുന്നു. നിര്‍ത്തിയിട്ട ലോറിയുടെ സമീപം മോഷ്ടാക്കള്‍ ലോറി നിര്‍ത്തിയ ശേഷം ആയുധങ്ങളുപയോഗിച്ച് ഡീസല്‍ ടാങ്കിന്റെ പൂട്ട് തകര്‍ക്കും. പിന്നീട് ചെറിയ മോട്ടോര്‍ ഉപയോഗിച്ച് ഡീസല്‍ തങ്ങളുടെ ലോറിയിലേക്ക് പമ്പുചെയ്തായിരുന്നു മോഷണം.

20 മിനിറ്റിനുള്ളില്‍ 250 ലിറ്റര്‍ ഡീസല്‍ വരെ ഇത്തരത്തില്‍ മോഷ്ടിക്കാന്‍ സാധിക്കുന്നതായിരുന്നു ലോറിയിലെ സംവിധാനങ്ങള്‍. ഒരുദിവസം പത്തിലേറെ വാഹനങ്ങളില്‍ നിന്നു വരെ ഇത്തരത്തില്‍ ഡീസല്‍ മോഷ്ടിക്കപ്പെട്ടിരുന്നു. കമ്പിവടി, മരവടി, വലിയ സ്‌ക്രൂ ഡ്രൈവര്‍, വലിയ കട്ടിങ് പ്ലെയര്‍, അറ്റം റ പോലെ വളഞ്ഞിരിക്കുന്ന കൂര്‍ത്തകമ്പി തുടങ്ങിയവ ലോറിയില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദേശീയ പാതകളിലെ പോലീസിന്റെ പട്രോളിങ് സംവിധാനങ്ങള്‍ പോലും മോഷണശ്രമം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു.

ലോറി ഡ്രൈവര്‍മാരില്‍ നിന്നും പരാതികള്‍ വ്യാപകമായതോടെയാണ് ശക്തമായ തിരച്ചിലിലേക്ക് പോലീസ് കടക്കാന്‍ കാരണം. പെട്രോള്‍ പമ്പുകളുടെ സമീപത്തും വെളിച്ചമുള്ള ഭാഗങ്ങളിലുമാണ് പലപ്പോഴും ലോറികള്‍ പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍ ഇത്തരം സ്ഥലങ്ങളിലും മോഷണം അരങ്ങേറി. പല സ്ഥലങ്ങളിലും സിസിടിവി ക്ലാമറകള്‍ സ്ഥാപിക്കാത്തതും മോഷ്ടാക്കള്‍ക്ക് അനുകൂലമായി. ലോറി ഡ്രൈവര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ മോഷണത്തെക്കുറിച്ചും മോഷണം നടക്കുന്ന സ്ഥലങ്ങളെക്കുറിച്ചും ഗൂഗിള്‍ മാപ്പില്‍ മാര്‍ക്ക് ചെയ്ത് വിവരം പങ്കുവച്ചിരുന്നു.
മാരകായുധങ്ങളുമായി മോഷണം സംഘം ദേശീയ പാതയോരത്ത് നിലയുറപ്പിച്ചതോടെ ദേശീയ പാതയോരത്തെ ജനവാസ കേന്ദ്രങ്ങളിലുള്ളവരും ഭീതിയിലാണ്. മോഷണശ്രമം ഇതുവരെ ലോറി ഡ്രൈവര്‍മാര്‍ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ മോഷണം നേരില്‍കണ്ട് പ്രതിരോധിക്കാന്‍ ശ്രമമുണ്ടായാല്‍ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുമോ എന്ന ഭയത്തിലാണ് ലോറി ഡ്രൈവര്‍മാരും.
Prathinidhi Online