രാമാനാരായണ്‍ ഭാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; വിമാനമാര്‍ഗ്ഗം നാട്ടിലെത്തിക്കും

തൃശൂര്‍: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാമനാരായണ ഭാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വിമാനമാര്‍ഗ്ഗം മൃതദേഹം ഇന്ന് റായ്പൂരിലെത്തിക്കും. റവന്യൂ മന്ത്രി കെ.രാജനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരവും പ്രതികള്‍ക്കെതിരെ പട്ടികജാതിക്കാര്‍ക്കു നേരെയുള്ള അതിക്രമം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഇത് അംഗീകരിച്ചതോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ലളിതയും രണ്ടു കുഞ്ഞുങ്ങളും തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ആര്‍ടിഒ, അസി.കലക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെടുകയും തുടര്‍ന്ന് കലക്ടറേറ്റില്‍ മന്ത്രി കെ.രാജന്‍, കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കേരളത്തിനാകെ അപമാനകരമായ സംഭവമാണ് നടന്നതെന്നും കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുന്ന കാര്യം ക്യാബിനറ്റില്‍ അവതരിപ്പിച്ച് സഹായം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …