പാലക്കാട്: വല്ലപ്പുഴ ഇനി അതിദരിദ്രരില്ലാത്ത ഗ്രാമ പഞ്ചായത്ത്. അതിദാരിദ്ര്യ പട്ടികയില്‍ ഉണ്ടായിരുന്ന 34 കുടുംബങ്ങളെയും മോചിപ്പിച്ചാണ് ഗ്രാമപഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. ഇതിനായി 34 ഗുണഭോക്താക്കള്‍ക്കുമായി മൈക്രോ പ്ലാന്‍ തയ്യാറാക്കിയിരുന്നു. വീടില്ലാതിരുന്ന മൂന്ന് കുടുംബങ്ങള്‍ക്കും പദ്ധതി പ്രഖ്യാപനത്തിന് മുന്‍പ് പഞ്ചായത്ത് വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. രണ്ട് കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണ പ്രവൃത്തിയും പൂര്‍ത്തീകരിച്ചു. ഉജ്ജീവനം പദ്ധതിയിലുള്‍പ്പെടുത്തി നാല് പേര്‍ സ്വയം തൊഴില്‍ സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.
അവകാശരേഖകളില്ലാതെ ഗ്രാമപഞ്ചായത്തില്‍ ഒരാളും അവശേഷിക്കരുത് എന്ന ലക്ഷ്യത്തോടെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, തൊഴില്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ എല്ലാവര്‍ക്കും നല്‍കിയതായി പഞ്ചായത്ത് ഭരണസമിതി പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനായി മരുന്നും പാലിയേറ്റീവ് പരിചരണവും നല്‍കി വരുന്നുണ്ട്. 18 പേര്‍ക്ക് കിറ്റ് നല്‍കുന്നുമുണ്ട്. അതിദാരിദ്ര്യമില്ലാത്ത നാടായി കേരളത്തെ മാറ്റുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് ഗ്രാമപഞ്ചായത്ത് വിവിധ വകുപ്പുകളുടെയും കുടുംബശ്രീയുടെയും ഏകോപനത്തിലൂടെ മാതൃകാപരമായി നടപ്പാക്കിയതെന്ന് ഭരണസമിതി പറയുന്നു.
Prathinidhi Online