കോഴിക്കോട്: കുന്നമംഗലത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പതിമംഗലം അങ്ങാടി മുറിയനാല്‍ പത്താംമൈലില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചത്. പിക്കപ്പിന്റെ ഡ്രൈവറും രണ്ട് കാര്‍ യാത്രക്കാരുമാണ് അപകടത്തില്‍ മരിച്ചത്. പിക്കപ്പ് വാനിന്റെ ക്ലീനര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കൊടുവള്ളിയിലേക്ക് പോയ കാറും കുന്നമംഗലത്തേക്ക് വന്ന വാനുമാണ് അപകടത്തില്‍ പെട്ടത്. കാര്‍ യാത്രക്കാരായ പുതുപ്പാടി പെരുമ്പള്ളി സ്വദേശി സുബിക്കി (27), കൊടുവള്ളി വാവാട് ഇരുമോത്ത് മണ്ടാട്ട് ഹൗസില്‍ നിഹാല്‍ (27) എന്നിവരും പിക്കപ്പ് വാന്‍ ഡ്രൈവര്‍ വയനാട് മരക്കത്തൊടി പൊഴുതന ഷമീര്‍ (33) എന്നിവരുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഷഫീഖ് (43) നില ഗുരുതരമാണ്. അപകടമുണ്ടായ സ്ഥലം സ്ഥിരം അപകടങ്ങള്‍ നടക്കുന്ന മേഖലയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
അപകടത്തിനു ശേഷം വാഹനത്തില്‍ കുടുങ്ങിയ യാത്രക്കാരെ ഫയര്‍ഫോഴ്സെത്തി ഹൗഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വാനിന്റെ മുന്‍ഭാഗവും കാറിന്റെ ഇടതുഭാഗവും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കാര്‍ യാത്രക്കാര്‍ സ്ഥലത്ത് വച്ചും വാന്‍ ഡ്രൈവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Prathinidhi Online