പാലക്കാട്: വാവുമലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന വാവുമല ഇക്കോ ടൂറിസം പദ്ധതിക്ക് റവന്യൂ വകുപ്പിന്റെ അനുമതിയായി. പദ്ധതിക്കാവശ്യമായ ഭൂമി ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നതോടെ പദ്ധതിയുടെ പ്രധാന ഘട്ടം കഴിയും. പ്രകൃതി സംരക്ഷണത്തോടൊപ്പം വികസനവും ലക്ഷ്യമിടുന്നതാണ് പദ്ധതി. ദേശീയപാത പന്നിയങ്കരയില്‍ നിന്ന് വാവുമലയിലേക്ക് 46 ലക്ഷം രൂപ ചിലവഴിച്ചുള്ള റോഡ് നിര്‍മ്മാണവും ഉടനാരംഭിക്കും. സമീപത്തെ തോട്ടം തൊഴിലാളികള്‍ പദ്ധതിക്കായി സൗജന്യമായി ഭൂമി കൈമാറിയിട്ടുണ്ട്. 12 ഭൂവുടമകളില്‍ നിന്നായി 335 മീറ്റര്‍ നീളത്തില്‍ 49 സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്.
കണ്ണമ്പ്ര- വടക്കഞ്ചേരി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമാണ് വാവുമല. പദ്ധതിയുടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വടക്കഞ്ചേരി – കണ്ണമ്പ്ര മേഖല ടൂറിസം മേഖലയായി മാറും. ഇതോടെ പ്രാദേശിക തൊഴില്‍ അവസരങ്ങളും വികസന പ്രവര്‍ത്തനങ്ങളും വര്‍ധിക്കുമെന്ന് സ്ഥലം എംഎല്‍എ പി.പി സുമോദ് അറിയിച്ചു.
Prathinidhi Online