ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 മരണം. ബസുകളും കാറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.
മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്ര-നോയിഡ കാരിയേജ് വേയിലാണ് പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം സംഭവിച്ചത്. കനത്ത മൂടല്‍മഞ്ഞിനിടെ ആറ് ബസുകളും രണ്ട് കാറുകളും കൂട്ടിയിടിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് തല്‍ക്ഷണം തീപിടിക്കുകയും യാത്രക്കാര്‍ ഉള്ളില്‍ കുടുങ്ങുകയും ചെയ്തതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടാന്‍ കാരണം. തീ ആളിപ്പടര്‍ന്ന് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അതിവേഗം പടര്‍ന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
അപകടത്തെ തുടര്‍ന്ന് എക്സ്പ്രസ് വേയിലെ ഗതാഗതം തടസ്സപ്പെട്ടു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനായി മണിക്കൂറുകളോളം ഗതാഗതം നിര്‍ത്തിവച്ചിരിക്കയാണ്. കനത്ത മൂടല്‍മഞ്ഞിനിടെയുണ്ടായ അപകടത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Prathinidhi Online