പൂണൈ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പൂണൈയില്‍ വച്ചായിരുന്നു അന്ത്യം. പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. രാജ്യം 2006ല്‍ പത്മഭൂഷണും 1981ല്‍ പത്മശ്രീയും നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
പശ്ചിമഘട്ട പരിസ്ഥിതിയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ സമിതിയുടെ അധ്യക്ഷനായിരുന്നു. 2011ല്‍ ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട്’ എന്ന പേരില്‍ വിദഗ്ദ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പശ്ചിമഘട്ട സംരക്ഷണവുമായും പ്രകൃതി സംരക്ഷണവുമായും ബന്ധപ്പെട്ട വിപ്ലവകരമായ ചര്‍ച്ചകള്‍ക്ക് റിപ്പോര്‍ട്ട് തുടക്കമിട്ടു. പശ്ചിമഘട്ടത്തിന്റെ 129037 ചതുരശ്ര കി.മീ (75 ശതമാനം) പരിസ്ഥിതിലോല മേഖലയായി പരിഗണിക്കണമെന്നായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകളിലൊന്ന്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത് ഏറെ വിവാദമായിരുന്നു.
പശ്ചിമഘട്ട പാറഖനനം, അണക്കെട്ട് നിര്‍മ്മാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ബയോഡൈവേഴ്‌സിറ്റി ആക്ട് സമിതിയില്‍ അംഗമായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് നടക്കും.
Prathinidhi Online