പാലക്കാട്: ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പുതുവര്‍ഷത്തില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ്സ്’ ക്യാമ്പയിന്റെ ഭാഗമായുള്ള പ്രീ ലോഞ്ച് ആക്റ്റിവിറ്റീസിന് ജില്ലയില്‍ തുടക്കം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ രവി മീണ നിര്‍വഹിച്ചു. ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് പദ്ധതി. കൃത്യവും ശാസ്ത്രീയവുമായ ഇടപെടലുകളിലൂടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തി മാനസിക ശാരീരിക ആരോഗ്യം കൈവരിക്കുക എന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം ജനുവരി 1 ന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി നിര്‍വഹിക്കും. ആരോഗ്യ മന്ത്രി ചടങ്ങില്‍ അധ്യക്ഷതയാകും.

പരിപാടിയുടെ ഭാഗമായ വിളംബര റാലി ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ സതീശ് പി. കെ. ഫ്‌ലാഗ് ഓഫ് ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷ്ണല്‍ ഡയറക്ടര്‍ ഡോ.റീത്ത കെ.പി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.റോഷ് ടി.വി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.സന്തോഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.അഹമ്മദ് അഫ്‌സല്‍ കെ.പി, ഡോ.കാവ്യ കരുണാകരന്‍, ജില്ലാ എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ സയന.എസ്, ഫോര്‍ട്ട് വാക്കേഴ്‌സ് ക്ലബ് വൈസ് പ്രസിഡന്റ് എം.ചെന്താമരാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യോഗ ക്ലബുകളുടെ നേതൃത്വത്തില്‍ യോഗ അവതരണവും പാലക്കാട് ഫസീസ് ഫിറ്റ്‌നസ് വേള്‍ഡ് കോച്ച് ഫസിയുടെ നേതൃത്വത്തില്‍ സൂംബ അവതരണവും നടന്നു.
ജില്ലയിലെ പ്രധാന ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ഡയറ്റീഷ്യന്മാരുടെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനം, ഓലശ്ശേരി നാട്ടരങ്ങ് സംഘം അവതരിപ്പിച്ച പൊറാട്ട് നാടകം എന്നിവ പരിപാടിയുടെ ഭാഗമായുണ്ടായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസിലെയും ദേശീയ ആരോഗ്യ ദൗത്യം ഓഫീസിലേയും പ്രോഗ്രാം ഓഫീസര്‍മാര്‍, ഫോര്‍ട്ട് വാക്കേഴ്‌സ് ക്ലബ് അംഗങ്ങള്‍, എസ്.പി.ആര്‍.ടി.സി ട്രെയിനിംഗ് വിദ്യാര്‍ത്ഥികള്‍,
വിവിധ ഹെല്‍ത്ത് ബ്ലോക്കുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ക്യാമ്പയിന്റെ പ്രീലോഞ്ച് പരിപാടികള്‍ സംഘടിപ്പിച്ചത്.
Prathinidhi Online