വി.കെ മിനിമോള്‍ കൊച്ചി മേയര്‍; പിന്തുണച്ചത്  48 അംഗങ്ങള്‍ 

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി.കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോര്‍പ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോള്‍ മേയറാകുന്നത്. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കലക്ടര്‍ ജി.പ്രിയങ്കയുടെ മുമ്പാകെ വി.കെ മിനിമോള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നാലാം തവണയാണ് മിനിമോള്‍ കോര്‍പ്പറേഷനിലേക്ക് വിജയിക്കുന്നത്. പാലാരിവട്ടം ഡിവിഷനെയാണ് മിനിമോള്‍ പ്രതിനിധാനം ചെയ്യുന്നത്. സൗമിനി ജയിനു ശേഷം നഗരസഭ മേയര്‍ പദവിയിലെത്തുന്ന വനിതാ നേതാവാണ് മിനിമോള്‍.

സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ബാസ്റ്റിന്‍ ബാബുവും യുഡിഎഫിനെ പിന്തുണച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ ജി പ്രിയങ്കയുടെ മേല്‍നോട്ടത്തിലാണ് മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ കൂടിയാണ് മിനിമോള്‍. ഇടതുമുന്നണി ഭരണം തകര്‍ത്താണ് യുഡിഎഫ് ഇത്തവണ കൊച്ചി കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത്.

മേയര്‍ പദവിയില്‍ മിനിമോള്‍ രണ്ടര വര്‍ഷം തുടരും. ടേം അവസ്ഥയില്‍ വീതം വെപ്പിനാണ് മുന്നണിയില്‍ ധാരണയായിട്ടുള്ളത്. ഇതനുസരിച്ച് രണ്ടര വര്‍ഷത്തിനു ശേഷം മിനിമോള്‍ സ്ഥാനമൊഴിയുകയും തുടര്‍ന്നുള്ള രണ്ടര വര്‍ഷം ഫോര്‍ട്ടുകൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യു കൊച്ചി മേയറായി ചുമതലയേല്‍ക്കുകയും ചെയ്യും.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …