കേരള ലളിതകലാ അക്കാദമിയും പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയും സംയുക്തമായി വി.എസ് അച്യുതാനന്ദന്റെ സ്മരണാർഥം വി.എസ് ജീവിതരേഖ എന്ന ചിത്രകലാ ക്യാമ്പിന്റെ ഭാഗമായാണ് ചിത്രരചന നടത്തുന്നത്. ജനമനസുകളിൽ വേർപിരിയാത്ത വിഎസിന്റെ സമരചരിത്രം ഇനിമുതൽ ജീവൻതുടിക്കുന്ന ചിത്രങ്ങളിലൂടെയും ചുവരുകളിൽ ജീവിക്കും.
വി.എസിന്റെ ഒരു നൂറ്റാണ്ടു പിന്നിട്ട സമരജീവിതം, പുന്നപ്ര വയലാർ ഉൾപ്പെടെയുള്ള സമര പോരാട്ടങ്ങൾ, പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ പ്രവർത്തനങ്ങൾ, യാത്രകൾ, എകെജി, അഴീക്കോടൻ രാഘവൻ ഉൾപ്പെടെയുള്ളവരുമായി ചേർന്നു നടത്തിയ വിപ്ലവ പോരാട്ടങ്ങൾ, അദ്ദേഹത്തിന്റെ പ്രസംഗവേദികൾ തുടങ്ങി സാധാരണ ജനങ്ങളുമായും അവരുടെ ജീവിതപോരാട്ടങ്ങളിൽ നേരിടേണ്ടിവന്ന പ്രതിസന്ധികളെല്ലാം ഏറ്റെടുത്ത് നയിച്ച വിഎസ് എന്ന സമരനായകന്റെ ജീവിത യാത്രകളാണ് ഇനി വേലിക്കകത്തു വീട്ടിലെ ചുറ്റുമതിലിൽ സ്ഥാനം പിടിക്കുക.
ലളിതകലാ അക്കാദമിയുടെ ചിത്രകാരന്മാരായ ആലപ്പുഴ വാടയ്ക്കൽ സ്വദേശി ടി.ബി. ഉദയൻ, ആലപ്പുഴ സ്വദേശി മുഹമ്മദ് ഹുസൈൻ, ചേർത്തല സ്വദേശി സജിത്ത് പനക്കൻ, കണ്ണൂർ സ്വദേശി വിപിൻദാസ് പനക്കൻ, ആര്യാട് സ്വദേശിനി കാവ്യ എസ്. നാഥ് എന്നിവർ ചേർന്നാണ് ആക്രലിക്, എമൽഷൻ പെയിന്റുകളിൽ ചായക്കൂട്ടൊരുക്കുന്നത്. വ്യാഴാഴ്ച ചിത്രരചന പൂർത്തിയാക്കാനുള്ള തീരുമാനത്തിലാണ്.
സിപിഎം ഏരിയ സെക്രട്ടറി സി. ഷാംജി വേലിക്കകത്തു വീട്ടിലെ വിഎസിന്റെ അർധകായ ചിത്രത്തെ സാക്ഷിയാക്കി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
Prathinidhi Online