പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയെ ആല്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി. ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകളാണ് (ഭാരതീയ ന്യായ സംഹിത 103 (2)) പ്രതികള്‍ക്കെതിരെ ചുമത്തിയത്. മരിച്ച ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേലിന്റെ കുടുംബത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും കടുത്ത സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സംഭവമുണ്ടായി 7 ദിവസം കഴിഞ്ഞാണ് കടുത്ത വകുപ്പുകള്‍ ചുമത്തുന്നത്.
കേസില്‍ 2 പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. മര്‍ദ്ദനത്തില്‍ ഇവരും പങ്കെടുത്തു എന്നാണ് കണ്ടെത്തല്‍. 5 പേരെയാണ് ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നത്. കേസന്വേഷണത്തിലും പ്രതികളെ പിടികൂടുന്നതിലും പോലീസിന് വീഴ്ച സംഭവിച്ചതായി ആരോപണമുയര്‍ന്നിരുന്നു. കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെങ്കിലും അത് ശേഖരിക്കാനും പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനു പുറമെ രണ്ട് ദിവസത്തിനുശേഷം മര്‍ദ്ദനത്തില്‍ പങ്കെടുത്തവര്‍ നാടുവിടുകയും ചെയ്തിട്ടുണ്ട്. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ചതായിട്ടാണ് വിലയിരുത്തല്‍. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ നടപടി സ്വീകരിക്കുമെന്നും കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Prathinidhi Online