പാലക്കാട്: വാളയാറിലെ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുക. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ ഭയ്യാര്‍ (31) കഴിഞ്ഞ ദിവസമാണ് അട്ടപ്പള്ളത്ത് വച്ച് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനിത്തിന് ഇരയായി കൊല്ലപ്പെട്ടത്. കള്ളനെന്നാരോപിച്ച് ഇയാളെ സംഘം ചേര്‍ന്ന് പ്രദേശവാസികള്‍ മര്‍ദിക്കുകയായിരുന്നു. കേസില്‍ അട്ടപ്പള്ളം സ്വദേശികളായ 5 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
18ാം തിയ്യതി ഉച്ച കഴിഞ്ഞാണ് സംഭവം നടക്കുന്നത്. മര്‍ദ്ദനമേറ്റ് അവശനായ രാംനാരായണന് മണിക്കൂറുകള്‍ കഴിഞ്ഞാണ് വൈദ്യസഹായം നല്‍കിയത്. വൈകിട്ടോടെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. അക്രമികള്‍ രാംനാരയണിനെ ആക്രമിക്കുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. രാംനാരായണന്‍ നേരിട്ടത് മണിക്കൂറുകള്‍ നീണ്ട കൊടും ക്രൂരതയാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിയേല്‍ക്കാത്ത ഭാഗങ്ങള്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഇല്ലെന്നായിരുന്നു ഡോക്ടര്‍ വ്യക്തമാക്കിയത്.
കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് രാമനാരായണന്‍ ഒരാഴ്ച മുമ്പ് പാലക്കാടെത്തിയത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തുകയായിരുന്നു. മൂന്നുവര്‍ഷം മുന്‍പേ ഭാര്യ ഉപേക്ഷിച്ച് പോയ രാംനാരായണന്‍ 8ഉം 10ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ പിതാവാണ്. കള്ളനെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. കണ്ടപ്പോള്‍ കള്ളനെന്ന് തോന്നി എന്നായിരുന്നു നാട്ടുകാരുടെ മറുപടി. കേസില്‍ 5 പേരാണ് ഇതുവരെ അറസ്റ്റിലായത്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.
Prathinidhi Online